Monday, November 25, 2013

സി പി എമ്മും ഇസ്ലാമിക പ്രസ്ഥാനവും: എം എം നാരായണന്‍ - മുഹമ്മദ്‌ വേളം സംവാദത്തെ വിലയിരുത്തുമ്പോള്‍

സി. പി. എം എന്ന പാര്‍ട്ടിയിലെ ഹിന്ദുത്വ വര്‍ഗീയതയെ തുറന്നു കാണിക്കുന്നതെന്ന് പറയപ്പെടുന്ന സി ദാവൂദ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തോട് അഭിവന്ദ്യനായ എം എം നാരായണന്‍ സാര്‍ എഴുതിയ മറുപടിയും പ്രസ്തുത ലേഖനത്തിന് ടി മുഹമ്മദ്‌ വേളം മാധ്യമത്തില്‍ തന്നെ എഴുതിയ മറുപടിയെയും മുന്‍ നിര്‍ത്തിയുള്ള ഒരു കുറിപ്പ് ആണ് ഇത്. ടി. മുഹമ്മദിന്‍റെ ലേഖനത്തിനുള്ള സോഷ്യല്‍ മീഡിയയിലെ ഇടതു പക്ഷ ഭാഗത്ത് നിന്ന് വന്ന ചില വിലയിരുത്തലുകളെ അധികരിച്ച് കൊണ്ട് ആണ് ഇതെഴുതുന്നത്.

ഈ വിഷയകമായ സി ദാവൂദ്, എം എം നാരായണന്‍, ടി. മുഹമ്മദ്‌ എന്നിവരുടെ ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. 

1. http://www.madhyamam.com/news/254416/131109 (സി. ദാവൂദ്)
2. http://www.madhyamam.com/news/255271/131116 (എം.എം. നാരായണന്‍)
3. http://www.madhyamam.com/news/256664/131123 (ടി. മുഹമ്മദ് വേളം) 

സി പി എം ഹിന്ദു വര്‍ഗീയ പാര്‍ട്ടിയെന്ന അര്‍ത്ഥത്തിലുള്ള ദാവൂദിന്‍റെ അഭിപ്രായം എന്തായാലും ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമല്ല. സദരുദ്ദീന്‍ വാഴക്കാട് ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ ടി ആരിഫലി സാഹിബുമായി നടത്തിയ അഭിമുഖത്തിലെ ഇതുമായി ബന്ധപ്പെട്ട ഭാഗം താഴെ ചേര്‍ക്കുന്നു. 

ചോദ്യം: സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്ഗീയ പാര്ട്ടി യാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ? 

മറുപടി (അമീര്‍): “സി.പി.എം ഒരു ഹിന്ദു പാര്ട്ടിയോ ഹിന്ദുത്വ വര്ഗീ്യ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‌ടിസിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്പ്പാ ണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‌ടസിസ്റ്റുകാര്ക്ക് ‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്ഥതത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്ശം ക്രമേണ ചോര്ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്ത്തിവപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്ട്ടി്കളെപ്പോലെ ആയിത്തീര്ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്ട്ടി ക്ക്‌ നിലനില്ക്കാ്ന്‍ കഴിയൂ.

കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്ക്കി ടയില്‍ കേരള കോണ്ഗ്ര സും മറ്റും പ്രവര്ത്തി ക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്ട്ടികളില്‍ പ്രവര്ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്ഗ്രംസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്ട്ടി കള്ക്ക് കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്ട്ടി കള്ക്ക് സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്ഥം, സി.പി.എം ഒരു ഹിന്ദുവര്ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്ഗീ യ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്ക്ക് കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.”

അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം:  http://sadarvzkd.blogspot.in/2013/11/blog-post.html

മേല്‍ പറഞ്ഞതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നത് കൊണ്ട് തന്നെ ദാവൂദ് - നാരായണന്‍ സാര്‍ സംവാദത്തിലെ ഈ ഒരു വിഷയം ടി. മുഹമ്മദ്‌ വേളം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച നാരായണന്‍ സാറിന്‍റെ ലേഖനത്തിലെ പരാമര്‍ശത്തില്‍ കടിച്ചു തൂങ്ങി ടി മുഹമ്മദ്‌ വേളം വാരി വലിച്ച് എഴുതുകയായിരുന്നു എന്നതാണ് വേളത്തിന്‍റെ ലേഖനത്തെ സംബന്ധിച്ച ഇടതു പക്ഷ ഫേസ് ബുക്ക്‌ ആക്ടിവിസ്റ്റ് ശ്രീജിത്ത് കൊണ്ടോട്ടിയുടെ വിലയിരുത്തല്‍. സത്യത്തില്‍ കേവലമായ ഒരു പരാമര്‍ഷമായിരുന്നില്ല നാരായണന്‍ സാറിന്‍റെ ലേഖനത്തിലെ പ്രസ്തുത അവതരണം. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ അത് ഇങ്ങനെ വായിക്കാം: 

“ജമാഅത്തെ ഇസ്ലാമി മാത്രമല്ല, ദാവൂദ് ഊറ്റംകൊള്ളുന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയമാകത്തെന്നെ അതിന്‍റ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ പടിക്കല്‍ പകച്ചുനില്ക്കു കയാണ്. അറബ്വസന്തത്തിന്‍റ വര്ണ്ങ്ങളെയും വാസനകളെയും വാശിയോടെ കഴുകിത്തുടച്ചുകളഞ്ഞ് ഈജിപ്തില്‍ ഏകപക്ഷീയമായി ഇസ്ലാമിസ്റ്റ് ഭരണം അടിച്ചേല്പിക്കാന്‍ മുര്സിയും ബ്രദര്ഹുപഡും ശ്രമിച്ചതിന് അവര്‍ തിരിച്ചടി നേരിടുകയാണ്. തുര്ക്കി യില്‍ ഉര്ദുഗാന്‍ ആ രാജ്യത്തിന്‍റ മതേതര പാരമ്പര്യത്തെ കൊന്നുതിന്നാന്‍ മുതിര്ന്നതിനെതിരെ ഉയര്ന്ന ജനരോഷം തെരുവുകളില്‍ തീ പടര്ത്തിയിരിക്കുന്നു. ബംഗ്ളാദേശിലും, ജമാഅത്തെ ഇസ്ലാമി കിഴക്കന്‍ ബംഗാളിന്‍റ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതിന് വിചാരണ ചെയ്യപ്പെടുകയാണ്.”

ഇത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനതിനെതിരിലുള്ള കേവല വിമര്‍ശനമല്ല, ഇസ്ലാം എന്ന മാനവിക പ്രസ്ഥാനത്തിന്‍റെ തന്നെ വിമോജന വശത്തോടുള്ള അജ്ഞതയെയോ അതല്ല എങ്കില്‍ ബോധപൂര്‍വമുള്ള വിസ്മരണമോ ആണ്. ഈ ഒരു വശമാണ് മുഹമ്മദ്‌ വേളം അദ്ദേഹത്തിന്റെ ലേഖനത്തില്‍ കൈകാര്യം ചെയ്ത ഒരു പ്രധാന ഭാഗം. 

പിണറായിക്കെതിരെ ഈ കൊച്ചു കേരളത്തില്‍ വല്ല പത്രക്കാരനോ ചാനെലുകാരനോ അറിഞ്ഞോ അറിയാതെയോ വല്ലതും എഴുതിയാല്‍ നാഴികക്ക് നാല്പ്പത് വട്ടം "മാധ്യമ സിണ്ടിക്കേറ്റ്" എന്ന് കുരവയിടുന്ന സി പി എം, പക്ഷെ ഈജിപ്ത് വിഷയത്തില്‍ സര്ക്കാര്‍ ഇതര മാധ്യമങ്ങള്ക്ക് തെല്ലും പ്രവര്ത്തന സ്വാതന്ത്ര്യം നല്കാത്ത പട്ടാള സ്റ്റേറ്റിന്റെ മാധ്യമങ്ങള്‍ പടച്ചു വിടുന്ന ആരോപണങ്ങളെ അപ്പടി വിഴുങ്ങി വായിട്ടലക്കുകയാണ് ചെയ്തിട്ടുള്ളത്. നാരായണന്‍ സാര്‍ എന്തായാലും ഇതിനെ കുറിച്ചൊന്നും അറിവില്ലാത്തവരായിരിക്കില്ലല്ലോ...! അപ്പോള്‍ പിന്നെ ഇസ്ലാമിക് പോളിറ്റിക്സിനോടുള്ള അമര്ഷം ഈജിപ്ഷിയന്‍ സര്ക്കാര്‍ മാധ്യമങ്ങളുടെ തെളിവിന്‍റെ ഒരു തരിമ്പും ഇല്ലാത്ത ചുട്ടാല്‍ വേവാത്ത ആരോപണങ്ങളുടെ വെളിച്ചത്തില്‍ എഴുതി തീര്ക്കുകയാണ് അദ്ദേഹവും ചെയ്തത് എന്ന് മാത്രം. 

തുര്ക്കിയെ കുറിച്ച് നാരായണന്‍ സാറിന്‍റെ "ഉര്ദുഗാന്‍ ആ രാജ്യത്തിന്റ മതേതര പാരമ്പര്യത്തെ കൊന്നു തിന്നുന്നു" എന്ന പരാമര്‍ശം കേവല നാക്ക് പിഴയോ ടൈപ്പിംഗ് എററോ ആയിരിക്കില്ലല്ലോ... ആധുനിക തുര്ക്കിയെ, ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വണ്ണം സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക് കൈ പിടിച്ചു ഉയര്ത്തിയ ഉര്ദുഗാന്‍ എന്ന ഇസ്ലാമിസ്റ്റ് ആകെ ചെയ്തിട്ടുള്ളത് തൊണ്ണൂറ് ശതമാനത്തിലധികം മുസ്ലിങ്ങള്‍ അധിവസിക്കുന്ന മുസ്ലിങ്ങള്ക്ക് ‌ മത സ്വാതന്ത്ര്യം നല്കി എന്നതാണ്. ഒരു മുസ്ലിമിന് മത സ്വാതന്ത്ര്യം നല്കുക എന്നത് മതേതര വിരുദ്ധമല്ല എന്ന് ഏതു കമ്മുനിസ്ട്ടുകാരനും സമ്മദിക്കും. മുര്സിക്കെതിരെ കേരളത്തിലെ സി പി എം ഉന്നയിക്കാറുള്ള ആരോപണം അദ്ദേഹം മത സ്വാതന്ത്ര്യം തകര്ത്തു എന്നതാണ്. മേപ്പടി മത സ്വാതന്ത്ര്യം മുസ്ലിമല്ലാത്തവര്‍ക്ക് മാത്രം അവകാശപ്പെട്ടത് എന്ന് എന്തായാലും അഭിപ്രായമുണ്ടാകാന്‍ പാടില്ല! അപ്പോള്‍ പിന്നെ ഉര്‍ദുഗാന്‍ ചെയ്തതും ചെയ്യുന്നതും? 

അപ്പോള്‍ പ്രശനം അതൊന്നുമല്ല, മത സ്വാതന്ത്ര്യം അനുവദിക്കുന്നത് ആരായാലും തിരക്കെടില്ല, പക്ഷെ അത് ഇസ്ലാമിസ്ട്ടുകളാകാന്‍ പാടില്ല. വിമോജനത്തെ കുറിച്ച് ഇസ്ലാമിസ്റ്റുകള്‍ സംസാരിച്ചു കൂടാ. സാമൂഹിക വിപ്ലവത്തെ കുറിച്ചും രാഷ്ട്ര സുരക്ഷയെ കുറിച്ചും മാനവിക നീതിയെ കുറിച്ചും ഒക്കെയുള്ള ഇസ്ലാമിക ദര്‍ശനം മുന്നോട്ടു വെക്കുന്നത് ആഗോള തലത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഈ പേരില്‍ എതിര്ക്കു ന്നത് – അതാണല്ലോ നാരായണന്‍ സാര്‍ മത - രാഷ്ട്ര സിദ്ധാന്തത്തെ കുറിച്ച് പറഞ്ഞത് – വിമോജന ഇസ്ലാമിനെ അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് എന്ന് മലയാളത്തില്‍ എഴുതിയ ഒരു ലേഖനം വായിക്കുമ്പോള്‍ മലയാളം തിരിയുന്ന ആര്ക്കും മനസ്സിലാകാവുന്നതെയുള്ളൂ.... അതെ ടി മുഹമ്മദ്‌ വേളവും പറഞ്ഞിട്ടുള്ളൂ...!

പിന്നെ, കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ സമരം നടത്തിയ പല മുസ്ലിം നവോഥാന നായകരും മതവും രാഷ്ട്രവും വേറിട്ട്‌ കണ്ട് മതവുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു തരം വിമോജന നവോഥാന പ്രവര്ത്തനത്തില്‍ ഏര്പ്പെടുകയായിരുന്നു എന്ന് പറയാതെ പറയുകയാണ്‌ നാരായണന്‍ സാര്‍ ചെയ്തത്. അദ്ദേഹത്തിന്റെ താഴെ വാചകങ്ങളില്‍ ഇത് പ്രകടം: 

1. “മുസ്ലിങ്ങള്‍ അറബിക്കിനുപുറമെ മലയാളം നിര്ബ‍ന്ധമായും പഠിക്കണമെന്നും അവര്‍ ഇംഗ്ളീഷിലും പരിജ്ഞാനം നേടണമെന്നും സമുദായത്തിലെ യാഥാസ്ഥിതികരെ ചൊടിപ്പിച്ചുകൊണ്ട് മക്തി തങ്ങള്‍ ശക്തിയായി വാദിച്ചു.” 

മക്തി തങ്ങള്‍ ചൊടിപ്പിച്ചത് സാറേ, സാര്‍ തന്നെ പറഞ്ഞത്‌ പോലെ യാഥാസ്ഥിതികരെയാണ്, മതത്തെയല്ല! അദ്ദേഹം മലയാളവും ഇംഗ്ലീഷും പഠിച്ചതും പഠിപ്പിച്ചതും മതത്തെ പ്രബോധനം ചെയ്യാനായിരുന്നു. അപ്പോള്‍ ‘അറബി’യുടെ മതമായ ഇസ്ലാമില്‍ നിന്ന് അകന്നു ഇംഗ്ലീഷ്കാരന്‍റെ സംസ്കാരത്തിലേക്ക് മതം മാറുകയല്ല മക്തി തങ്ങള്‍ ചെയ്തത്. ഇംഗ്ലീഷ് ഭാഷ കൊണ്ട് തന്നെ മതത്തിന്റെ അതി ജീവന മുഖം എടുത്ത് അണിഞ്ഞു മതത്തെ സംരക്ഷിക്കുകയായിരുന്നു അദ്ദേഹം. 

2. “ഗാന്ധി നികുതിനിഷേധ സമരം പ്രഖ്യാപിക്കുന്നതിന് 100 കൊല്ലം മുമ്പാണ് വെളിയങ്കോട് ഉമര്ഖാദി ബ്രിട്ടീഷുകാര്ക്ക് നികുതി കൊടുക്കരുതെന്ന് ഫത്വ ഇറക്കിയത്.
അധികാരം എന്നാല്‍, നികുതി പിരിക്കാനുള്ള അധികാരംതന്നെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കോളനിവാഴ്ചയുടെ മര്മത്തു തന്നെയാണ് പ്രഹരിച്ചത്.” 

വെളിയങ്കോട് ഉമര്‍ ഖാദി കോളനിവാഴ്ചയുടെ മര്മത്തു തന്നെയാണ് പ്രഹരിച്ചത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അത്പക്ഷെ, ‘കമ്മ്യൂണിസ്റ്റ്‌ അപ്പ’യല്ലാതെ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ പോലും മഷിയിട്ടാല്‍ കാണാത്ത കാലത്തായിരുന്നു എന്ന് ഓര്ക്കണം. “കോളനിവാഴ്ചയുടെ മര്മത്തില്‍ പ്രഹരിക്കുക” എന്ന പണി കേരളത്തില്‍ കമ്മ്യൂണിസം ഉണ്ടാകുന്നതിനു എത്രയോ മുമ്പ് ഇസ്ലാമിക ദര്ശനത്തില്‍ ഊന്നി ഉമര്‍ ഖാദി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാന്‍ ഇനി വേറെ ഒന്നും വേണ്ട, നാരായണന്‍ സാറിന്റെ ആ വരി മാത്രം വായിച്ചാല്‍ മതിയാകും! അല്ലെങ്കിലും വെളിയങ്കോട് ഉമര്‍ ഖാദി ഒരു ‘ഖാദി’ ആയിരുന്നല്ലോ. അത് ഏതോ പഴയ സേട്ടുവിന്റെ തറവാട്ടു പെരോ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍റെ ചുരുക്കപ്പെരോ അല്ല. മുസ്‌ലിം പള്ളിയിലെ ‘ഖുതുബ’ പറയുന്ന മുസ്ലിയാരുടെ വിളിപ്പേരാ...! പച്ച മലയാളത്തില്‍ അതിനു ഒരു അര്‍ത്ഥമേയുള്ളൂ... ‘ജഡ്ജി’ അഥവാ ‘ന്യായാധിപന്‍’ എന്ന്! പള്ളിയിലെ നിസ്കാരത്തിന്റെ വിധി പറയുന്നവന്‍ മാത്രമല്ല ഇസ്ലാമിലെ ജഡ്ജി. അത് കൊണ്ടാ ഇംഗ്ലീഷ്കാരന്‍റെ മുഖത്ത് നോക്കി തനിക്കു ഞാന്‍ നികുതി തരില്ലെടോ എന്ന് ഉമര്‍ ഖാദി "വിധി" പറഞ്ഞത്!

“ദൈവത്തിനുവേണ്ടി ആരും മരിക്കുകയല്ല, ഉത്തമ മനുഷ്യരായി ജീവിക്കുകയാണ് വേണ്ടതെന്ന്” മക്തി തങ്ങളെ ഉദ്ധരിച്ച് മൌദൂദിയെ വിമര്ശിക്കുന്ന നാരായണന്‍ സാര്‍ പക്ഷെ കൂട്ടത്തില്‍ അഞ്ഞൂറ് കൊല്ലം മുമ്പ് പോര്ച്ചു ഗീസുകാര്ക്കെതിരെ പട പൊരുതിയ സൈനുദ്ധീന്‍ മഖ്ദൂമുമാരെയോ കുഞ്ഞാലി മറക്കാര്മാരെയോ പറഞ്ഞു കണ്ടില്ല. അതിനു ഒരു ചെറു ലേഖനം മതിയാകത്തത് കൊണ്ടായിരിക്കാം. മേല്‍പറഞ്ഞ കൊളോണിയല്‍ വിരുദ്ധ സമരത്തിന് കേരള ചരിത്രത്തില്‍ തിരി കൊളുത്തിയത്, “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്” പുത്തക താളുകളില്‍ കൊത്തി വെച്ച മാര്ക്സും എങ്ങല്സും ഒക്കെ ഈ ദുനിയാവില്‍ തന്നെ പിറന്നു വീഴുന്നതിന്റെ രണ്ടു മൂന്നു തലമുറകള്ക്ക് മുമ്പായിരുന്നു! സൈനുദ്ദീന്‍ മഖ്ദൂമുമാര്‍ അതിനെ വിളിച്ചത് ‘വര്‍ഗ സമരം’ എന്നയിരുന്നില്ല, മറിച്ച് 'ജിഹാദ്' എന്നായിരുന്നു! അഥവാ, മഖ്ദൂമുമാരുടെയും തങ്ങന്മാരുടെയുമൊക്കെ കൊളോണിയല്‍ വിരുദ്ധ സമരം ഇസ്ലാമിക ദര്ശനത്തില്‍ ഊന്നിയായായിരുന്നു. അത് കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഈ മത - രാഷ്ട്ര സിദ്ധാന്തം കടന്നു വന്നത് എന്ന് ചരിത്ര വിവരമുള്ള നാരായണന്‍ സാര്‍ പറയരുത് എന്നര്ത്ഥം ! 

ഈ വശത്തെ തന്നെയാണ് ടി. മുഹമ്മദ്‌ നന്നായി കുടഞ്ഞു കയ്യില്‍ കൊടുത്തതും! നാരായണന്‍ സാറിന്റെ ഈ ഭാഗത്തെ അഡ്രസ്‌ ചെയ്ത് ടി. മുഹമ്മദ്‌ ചോദിക്കുന്ന ചോദ്യത്തിന് സി പി എമ്മുകാരന് ഉത്തരം ഉണ്ടെങ്കില്‍ പറയണം. അത് ഇതാണ്: 

“അങ്ങനെ മതത്തിന്‍റ പ്രമാണങ്ങളില്‍ സ്വന്തം കാലില്‍ എഴുന്നേറ്റുനിന്ന് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ച നിങ്ങളുടെ സത്യസന്ധമായ അഭിപ്രായമെന്താണ്?” 

ഈ ചോദ്യത്തിന് "എതിരല്ല" എന്നാണ് ഉത്തരം എങ്കില്‍, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപെടലുകളേയും സാമൂഹ്യ പ്രവര്ത്തനങ്ങളെയും സി പി എം അസഹിഷ്ണുതയോടെ കാണുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കണം. അത് പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്ലാമി മാനവിക വിരുദ്ധ പ്രവര്ത്ത നങ്ങള്‍ നടത്തുന്നത് കൊണ്ടോ മറ്റോ ആകാനേ തരമുള്ളൂ. പക്ഷെ അങ്ങിനെ ഒരു അനുഭവം ജമാഅത്തെ ഇസ്ലാമിയുടെ പത്തെഴുപതു വര്‍ഷത്തെ വെള്ളക്കടലാസു പോലെ തെളിഞ്ഞു കിടക്കുന്ന പ്രവര്‍ത്തന ചരിത്രത്തില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും കാണാത്തത് കൊണ്ടാണ് മൌലാനാ മൌദൂദിയെ അപമാനവീകരിച്ചു കൊണ്ടുള്ള ആവര്ത്തന രസം നഷ്ടപ്പെട്ട പഴയ മുജാഹിദ് ഉമര്‍ മൌലവി സ്റ്റൈല്‍ ഉദ്ധരണി യുദ്ധം നമ്മുടെ പിണറായി സാര്‍ തന്നെ തുടങ്ങി വെച്ചത്. പക്ഷെ തെളിയിക്കണം! മൌലാന മൌദൂദി ഇന്ത്യയെ “ദാറുല്‍ ഹര്ബ്” (യുദ്ധം അനിവാര്യമാകുന്ന നാട്) എന്ന് എവിടെയും പറഞ്ഞിട്ടില്ല. സഹോദര സമുടായങ്ങള്ക്കെതിരെ ആയുധമെടുത്ത് പോരാടണം എന്ന് മൌലാന മൌദൂദി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അങ്ങിനെ തട്ടി വിടുന്നവര്‍ക്ക് ബാധ്യതയുണ്ട്! 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കമ്മുനിസത്തിനു ആഗോള തലത്തിലും ഇന്ത്യയിലും സമര്പ്പിക്കാനുള്ള ആശയ പരിസരം കമ്മ്യൂനിസത്തിന്റെതായിരുന്നു എങ്കില്‍ അത് ഇസ്ലാം ആയിരുന്നു എന്നതാണ് മൌലാന മൌദൂദിയെ വ്യത്യസ്തപ്പെടുത്തിയത്. നിലവിലെ സകലമാന ആശയങ്ങളെയും കമ്മ്യൂണിസം തള്ളിക്കളഞ്ഞുവെങ്കില്‍, കമ്മുണിസത്തെ കൂടി തള്ളി കളഞ്ഞു എന്ന 'തെറ്റേ' മൌദൂദി ചെയ്തിട്ടുള്ളൂ. എന്നാല്‍, മറ്റെല്ലാവരെയും പോലെ മൌലാന മൌദൂദിയും ഇസ്ലാമിന്‍റെ ഒരു വ്യാഖ്യാതാവ് മാത്രം ആയതു കൊണ്ട്, പുതിയ കാലത്തിന്റെ ചൂരും ചൂടും മനസ്സിലാക്കി, പ്രകൃത്യാ തന്നെ ഇലാസ്തികമായ ഇസ്ലാമിന്റെ പുതിയ വ്യാഖ്യാനം രചിക്കുകയാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. അത് ഇസ്ലാമിനെ നിരാകരിക്കുന്നത് അല്ല എന്ന് മാത്രമല്ല ഇസ്ലാമിനെ കൂടുതല്‍ വൃത്തിയോടെയും ചൈതന്യത്തോടെയും പ്രദര്ശിപ്പിക്കുന്നതാണ്. ഇതറിയാതെയോ തമസ്കരിച്ചു കൊണ്ടോ ഉള്ള പഴം പുരാണം പറച്ചില്‍ ദാവൂദ് തന്നെ പറഞ്ഞത് പോലെ പുതിയ കാലത്തെ വിമര്‍ശന ശാസ്ത്രത്തിന്‍റെ ബാലപാഠം അറിയാത്തത് കൊണ്ടാണ്. ഇസ്ലാമിന്‍റെ ഈ വൃത്തിയും വെടിപ്പും കമ്മ്യൂണിസത്തിന് രുചിക്കാത്തത് ജമാഅത്തെ ഇസ്ലാമിയുടെ കുറ്റമല്ല! കാറല്‍ മാര്ക്സിന്‍റെ ആ പഴയ കമ്മുണിസത്തെ വെച്ച് ദാര്ശനിക മേധാവിത്തമൊക്കെ പോയ്മറഞ്ഞ പുതിയ കാലത്തോടും അതിന്റെ രീതികളോടും സംവദിക്കുന്നതിലുള്ള ആശയക്കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികര്‍ ഇനിയും കുറെ വിയര്‍പ്പു ഒഴുക്കണം!

ഇസ്ലാമിസ്ടുകളെ എതിര്ക്കുന്നവര്‍ മുഴുവന്‍ മുസ്ലിം വിരുദ്ധര്‍ ആണ് എന്നൊന്നും ഇസ്ലാമിക പ്രസ്ഥാനത്തിന് വാദമില്ല. പക്ഷെ ഒന്നുണ്ട്, ഇപ്പറഞ്ഞ വിമര്ശനം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മേല്‍ പറഞ്ഞ മത – രാഷ്ട്ര വിഭജനം അന്ഗീകരിക്കാത്തതിന്റെ പേരില്‍ തന്നെ ആകുമ്പോള്‍ അത് "വിമോജന ഇസ്ലാമിനെ" ഭയന്നിട്ടാകാനേ തരമുള്ളൂ! പക്ഷെ ആ ഭയപ്പാടു കണ്ടിട്ട് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പകച്ച്‌ നില്ക്കാന്‍ പോകുന്നില്ല, അത് മുന്നോട്ട് തന്നെ പോകും! എന്നാല്‍, സാമ്രാജ്യത്വ - ഫാഷിസ്റ്റ്‌ - അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളടക്കമുള്ള യോജിക്കാവുന്ന ചില വിഷയങ്ങളിലെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികള്ക്കും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും യോജിച്ചു പ്രവര്ത്തിക്കാം എന്നിരിക്കെ അതിനു പകരം, കേവലമായ വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ച് കൊണ്ട് ജമാഅത്തെ ഇസലാമിയെ ആര്‍. എസ്. എസിന്‍റെ മറുപുറം ആക്കി കൊണ്ടുള്ള സമീകരണം ദോഷമല്ലാതെ ഗുണം ചെയ്യില്ല. അത് കൊണ്ട് ഈ ഒരു സംവാടത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറാവണം. ഇന്ത്യയിലെ എന്നല്ല, ആഗോള തലത്തില്‍ തന്നെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ഭാവിക്കും അതത്രേ നല്ലത്. ഇടതിന് ഇടത് പക്ഷമായി കൊണ്ട് തന്നെ നില നില്‍ക്കണം എന്നുണ്ടെങ്കില്‍!

Thursday, August 15, 2013

എന്‍റെ സ്വാതന്ത്ര്യം....രാജ്യത്തിന്റെയും!

1981 ആഗസ്റ്റ്‌ 15 ന് പെരിന്തല്മകണ്ണ ഗവ: ആശുപത്രിക്കിടക്കയിലായിരുന്നു പോലും എന്റെ ഉമ്മ എന്നെ നൊന്തു നീറി പ്രസവിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാ ഓരോ ആഗസ്റ്റ്‌ 15 നും എന്റെ ജീവിതത്തില്‍ ഓരോ വയസ്സ് കൂടി വരുന്ന പ്രക്രിയ. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായിരുന്നതിനാല്‍ ശാന്തപുരത്തെ വിദ്യാര്ഥികള്‍ ആശുപത്രി പരിസരം വൃത്തിയാക്കുന്നതിന് – സേവന വാരം എന്ന് പേര് - പുലര്ച്ചെ മുതല്‍ പണി തുടങ്ങിയിരുന്നു എന്നും ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യമായി കാതുകളില്‍ അലക്കിയ ബാങ്കിനോപ്പം ആ നിസ്വാര്ത്ഥ സേവകരുടെ ആരവങ്ങള്‍ കൂടി ചെറുപ്പത്തിലെ എന്നില്‍ ‘വിപ്ലവ ബോധം’ കരുപ്പിടിപ്പിക്കുന്നതില്‍ ഒരു പ്രചോദനം ആയിട്ടുണ്ടാവാം. മമ്പാട് കോളേജില്‍ പ്രി ഡിഗ്രി ക്ക് പഠിക്കാന്‍ പോയ ഞാന്‍ ശാന്തപുരത്ത് തന്നെ എത്തിയത് ദൈവിക വിധി!

ഏതായാലും ആഗസ്റ്റ്‌ 15 എന്റെ ജന്മ ദിനം ആണ്. ജന്മ ദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് (ആഘോഷം എന്ന് ബോധ പൂര്‍വം ഉപയോഗിക്കുന്നില്ല – വടിയുമായി ആളുകള്‍ വന്നാലോ ) മതപരമായ ആചാരം ആയി കാണാത്തിടത്തോളം അതില്‍ തെറ്റില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നുവേന്കിലും വ്യക്തിപരമായി അതില്‍ വലിയ കാര്യമുടണ്ടെന്നു കഴിഞ്ഞ 32 വര്ഷത്തിനിടയില്‍ തോന്നിയിട്ടില്ല. മരണത്തിലേക്ക് ഒരു വര്ഷം കൂടി വരവ് വെക്കുന്നു എന്നതിനപ്പുറം ഇതില്‍ എന്തുണ്ട്? ഓരോ ജന്മ ദിനവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തെണ്ടിയിരുന്ന കഴിഞ്ഞു പോയ നിമിഷങ്ങളെയും, ദിവസങ്ങളെയും, മാസങ്ങളെയും ഒക്കെ വിമര്ശ്നാത്മകമായി വിലയിരുത്തുക എന്നതിനപ്പുറം എന്താ ചെയ്യേണ്ടത്? എന്നിരുന്നാലും, ഇങ്ങനെ താത്വികമായി ചിന്തിക്കുന്നതില്‍ താല്പര്യം കാണിക്കാത്ത എന്റെ എല്ലാ സുഹൃത്തുക്കളും ജന്മ ദിന ആശംസകള്‍ നേരുന്നതില്‍ സന്തോഷമേ ഉള്ളൂ. ഞാന്‍ തിരിച്ചു പലര്ക്കും നേരുന്നത് പോലെ തന്നെ!

പിന്നെ, ആഗസ്റ്റ്‌ 15 നു എല്ലാ ഇന്ത്യക്കാരും എന്റെ സ്വാതന്ത്ര്യം – അല്ല എന്റെതു കൂടി – ആഘോഷിക്കുന്നു. എന്നാല്‍ പിന്നെ നമുക്കെല്ലാം പരസ്പരം ആശംസിച്ചു കളയാം..... ബ്രിട്ടീഷുകാരന്റെ ‘വിലയേറിയ’ ബൂട്ടിന്റെ ചവിട്ടുകളില്‍ നിന്നും നമ്മുടെ നാവുകളെ എങ്കിലും രക്ഷിച്ച നമ്മുടെ സ്വാതന്ത്ര്യത്തെ അനുസ്മരിച്ചു പരസ്പരം പറയാം “സ്വാതന്ത്ര്യ ദിന ആശംസകള്‍”. (ബ്രിട്ടീഷുകാരന്‍ ചിരിക്കുന്നുണ്ടാവും നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പരിധി ഓര്‍ത്ത്!) പക്ഷെ ജന്മ നാടിനു വേണ്ടി ജീവന്‍ ബലി അര്പ്പിറച്ച മഹാത്മാക്കളെ നാം മറന്നു കൂടാ... ടിപ്പു സുല്ത്താനെ, പഴശ്ശി രാജയെ, അഹ്മദ്‌ ഷഹീദിനെ, ജാന്സി റാണിയെ, ഭഗത് സിംഗിനെ, ചന്ദ്ര ശേഖര്‍ ആസാദിനെ, സുഭാഷ്‌ ചന്ദ്ര ബോസിനെ, അങ്ങിനെ അങ്ങിനെ.... സര്‍വോപരി സ്വാതന്ത്ര്യത്തിനു നേതൃത്വം കൊടുത്തിട്ടും തീവ്ര വംശീയതയുടെയും വര്‍ഗീയതയുടെയും കരങ്ങളാല്‍ ജീവന്‍ പിഴുത് മാറ്റപ്പെട്ട നമ്മുടെ രാഷ്ട്ര പിതാവിനെ....

ഇന്നലെ പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആയിരുന്നു. ഇന്ന് നമ്മുടേതും! അഥവാ.... നമ്മുടെ ഒക്കെ സ്വാതന്ത്ര്യം നമ്മുടെ നെഞ്ച് പിളര്ന്നു കൂടി കനിഞ്ഞ് അരുളപ്പെട്ടതായിരുന്നു! ബസിനു കാശു ഉള്ള മുസ്ലിന്കള്‍ എല്ലാം പക്സിതാനിലെക്കും തിരച്ചു ഹിന്ദുക്കളെല്ലാം ഇന്ത്യയിലേക്കും നിഷ്ടൂരമായി നാട് കടത്തപ്പെട്ട സ്വാതന്ത്ര്യം! ജനിച്ചു പോയ മതത്തിന്റെ പേരില്‍ ചിന്തപ്പെട്ട രക്തം കൊണ്ട് കൂടി പണി തീര്ത്ത സ്വാതന്ത്ര്യം....!

വിഭജനത്തിനു പച്ച ക്കൊടി കാണിച്ച കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തില്‍ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോന്ന അബുല്‍ കലാം ആസാദ് നേരെ പോയത് ലിയാഖത്ത് അലി ഖാന്‍റെ അടുത്തേക്ക്‌ ആയിരുന്നു. അര്‍ദ്ധ രാത്രി സുഖമായി കിടന്നുറങ്ങിയ ഖാന്‍റെ വാതിലില്‍ മുട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആസാദ് പറഞ്ഞു: നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ തോറ്റു! വിഭജനം യാഥാര്‍ത്ഥ്യം ആയി! മറക്കരുത് ആ ആസാദിനെ ഒരാളും!

എങ്കിലും, ലോകത്തെ മറ്റു ഏതു രാജ്യത്തെക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ എന്ന നിലക്ക് നമുക്ക് സ്വാതന്ത്ര്യത്തിന്റെ കൊടികള്‍ പൊക്കാം...പായസം വിളമ്പാം....അസംബ്ലി കൂടാം...ഘോഷ യാത്ര നടത്താം....

പക്ഷെ, ചെയ്ത തെറ്റ് എന്തെന്നറിയാതെ ജയിലുകളില്‍ നരക യാതന അനുഭവിക്കുന്ന അനേകായിരം ചെറുപ്പക്കാര്‍, ഭരണ കൂട ഇരയായി ജീവിതം ഹോമിക്കുന്ന മഅദനി, അരമനകളിലെ സത്യങ്ങളോടൊപ്പം പരലോകം പൂകിയ അഫ്സല്‍ ഗുരു, ആരാന്‍റെ അവകാശങ്ങള്ക്ക് വേണ്ടി ജീവച്ഛവമായി നമുക്കിടയില്‍ ഇന്നും ‘ജീവിക്കുന്ന’ ഇറോം ശര്മിള, വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊല്ലപ്പെട്ട നിരപരാധികള്‍, കാസര്ക്കോ ട്ടെ കശുവണ്ടി കച്ചവടകാരന് വേണ്ടി ഒരു തലമുറയെ തന്നെ ബലി നല്കേ്ണ്ടി വന്ന എന്ഡോല സള്ഫാന്‍ ഇരകള്‍, കാതിക്കുടതെയും, കഞ്ചിക്കൊട്ടെയു, കൂടംകുളത്തെയും പച്ച മനുഷ്യര്‍, പിന്നെ അട്ടപ്പാടി, അരിപ്പ, പെട്ടിപ്പാലം, ബി ഓ ടി, പോസ്കാ, അങ്ങിനെയങ്ങിനെ.... ഉള്ളവന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലി നല്ക ണം എന്ന് പറയുന്ന മുതലാളിത്ത തത്വ ശാസ്ത്രത്തിന് നേരെ നെഞ്ച് വിരിച്ചു പോരാടുന്ന എല്ലാ പോരാളികളോടും ആര് പറയും "സ്വാതന്ത്ര്യ ദിനാശംസകള്‍" എന്ന്? ദയവു ചെയ്തു ആരും അവരോടു പറയരുത്....അവര്ക്ക റിയാം എന്താ സ്വാതന്ത്ര്യം എന്ന്....

Thursday, June 27, 2013

മുസ്ലിം പെണ്ണ് സ്വതന്ത്രമായി സംസാരിക്കുമ്പോള്‍...!

പ്രബോധനം ലക്കം 2804 ല്‍ എ.കെ. ഫാസിലയും നൌഷാദ ബാസും എഴുതിയ ലേഖനങ്ങളോടു വിയോചിച്ചു കൊണ്ട് രേഷ്മ കൊട്ടക്കാട്‌ എഴുതിയ പ്രതികരണമാണ് (പ്രബോധനം, ലക്കം 2806) ഈ കുറിപ്പിനാധാരം. പ്രതികരണം മുഴുവന്‍ ഇരു ആവര്‍ത്തി വായിച്ചിട്ടും രേഷ്മയുടെ വിയോചിപ്പ് എന്താണ് എന്ന് മനസ്സിലായില്ല. അവര്‍ മുന്നോട്ടു വെച്ച പ്രധാന പോയന്റു ഇതാണ്: “തല മറക്കുന്നതും പര്‍ദ ധരിക്കുന്നതുമാണ് ഇന്ന് മുസ്‌ലിം സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതിന്റെ പേരിലാണ് അവള്‍ അവഹേളിക്കപ്പെടുന്നതെന്നുമാണ് ലേഖകരെപ്പോലെ പലരും വിചാരിക്കുന്നത്. മഫ്തയും പര്‍ദയും ധരിക്കുന്നതാണ് മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും കാരണമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്.” രേഷ്മയുടെ ഈ വ്യാഖ്യാനം ഫാസിലയുടെയും നൌഷാദ യുടെയും ലേഖനങ്ങളില്‍ നിന്നും എത്ര ആലോചിച്ചിട്ടും ഉരുത്തിരിചെടുക്കാന്‍ ആകുന്നില്ല. ലെഖികമാര്‍ മുന്നോട്ടു വെച്ച സുവ്യക്തവും സുപ്രധാനവുമായ ചോദ്യങ്ങളെ അപ്രധാനമാക്കുന്നതിനുള്ള ഒരു ശ്രമം മാത്രമേ അത് ആകുന്നുള്ളൂ.

‘ഹിജാബ്’ എന്നത് ഏറ്റവും അധികം പ്രശ്നവല്‍ക്കരിക്കപ്പെട്ട ഒരു ആഗോള പൊതു ബോധം നില നില്‍ക്കുന്ന പുതിയ കാലത്ത്, മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബിന്റെ പേരില്‍ കാമ്പസുകളില്‍ നേരിടുന്ന അപരവല്‍ക്കരണത്തെ ശക്തമായ തൂലിക ഉപയോഗിച്ച് കൈകാര്യം ചെയ്ത ലെഖികമാര്‍ യഥാര്‍ത്ഥത്തില് അഭിനന്ദനം അര്‍ഹിക്കുന്നു. ആധുനിക ലോകത്തെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തെ മതകീയമായി അവര്‍ നേടിയ പുതിയ തിരിച്ചരിവുകളില്‍ നിന്ന് മാറ്റി നിര്‍ത്തി വിശദീകരിക്കുക സാധ്യമല്ല. അത് കൊണ്ട് തന്നെ മത ചിഹ്നങ്ങളിലേക്കുള്ള മുസ്ലിം സ്ത്രീയുടെ തിരിച്ചു പോക്കിനെ സെക്കുലറിസത്തിന്റെ ലേബലില്‍ ടാര്‍ഗറ്റ് ചെയ്യുന്നതിന് മത ചിഹ്നങ്ങളെ പ്രശ്നവല്‍ക്കരിക്കുക എന്ന തന്ത്രമാണ് ആഗോളാടിസ്ഥാനത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ ഒരു മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തി കാണിക്കുന്നതില്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു എന്നാണ് പ്രബോധനത്തിലെ ലേഖികമാര്‍ തെളിയിച്ചിട്ടുള്ളത്. ഹിജാബ് വിരുദ്ധ ഒളി അജണ്ടകളെ മറച്ചു വെച്ച് കൊണ്ട് അഡ്വ: ആയിഷ ബീവിയുടെ 1970 കളിലെ “പര്‍ദ്ദക്കുള്ളിലെ വിപ്ലവ സ്ഫുലിംകമായ” ചരിത്രം ഉദാഹരിച്ച് കഴിവും യോഗ്യതയും ഉള്ളവര്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് അവഹേളിക്കപ്പെടുകയില്ല എന്ന് പറയുന്ന രേഷ്മ, 2012 ന്‍റെ പട്ടാപകലില്‍ ഗുഹവതിയുടെ ‘മനുഷ്യ വാസ’ പൊതു നിരത്തുകളിലൂടെ നൌഷാദ ബാസ് ക്യാപ് ധരിച്ചു നടക്കാന്‍ നിര്‍ബന്ധിതയായതിനെയും അത് വഴി ഒരു “ലിബറല്‍” ലേബല്‍ സൌജന്യമായി ലഭിച്ചതിനെയും എങ്ങിനെ വിശദീകരിക്കും? നിങ്ങള്‍ പര്‍ദ ധരിക്കുന്നതെന്താണ് എന്നു ചോദിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ ധരിക്കുന്നത് കാണുന്നില്ലേ എന്ന് തിരിച്ചു ചോദിക്കുന്നത് ആദം നബി മുതല്‍ അന്ത്യ നാള്‍ വരെ നല്‍കപ്പെട്ട ചോദ്യോത്തരമാണ് എന്നത് കൊണ്ട് മാത്രം പഴഞ്ചന്‍ ആകുന്നില്ല. ഏതു കുഞ്ഞു കുട്ടിക്കും ലളിതമായി ചോദിക്കാവുന്നതും എന്നാല്‍ ഇന്ന് വരെ ഫ്രഞ്ച് പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അടക്കമുള്ള മതേതരത്തിന്റെ മൊത്ത കച്ചവടക്കാരായ ഒരുത്തനില്‍ നിന്നും ഉത്തരം ലഭിച്ചിട്ടില്ലാത്തതുമായ ചോദ്യമാണത്. ലോകത്തെ ഒരു സെകുലര്‍ രാജ്യത്തും കന്യാസ്ത്രീകളുടെ വേഷം പ്രശ്നവല്‍ക്കരിക്കപ്പെട്ട ചരിത്രമോ വര്തമാനമോ ഇല്ല എന്നത് ഈ ചോദ്യത്തിന്റെ പ്രസക്തി വര്ധിപ്പിക്കുന്നെ ഉള്ളൂ. (ഇതിന്റെ കാരണം പര്‍ദയുടെ നിറം ‘കറുപ്പ്’ ആയത് കൊണ്ടും കന്യക വസ്ത്രം ‘കറുപ്പ്’ അല്ലാത്തത് കൊണ്ടും ആകുന്നു എന്ന് ഉത്തരം പറയപ്പെടുമോ എന്ന് അറിയില്ല.) ആലുവ നിര്‍മല സ്കൂളിന്റെ തട്ട വിരുദ്ധ നടപടിക്കെതിരെ ചോദ്യമുയര്‍ത്തിയ എസ്. ഐ. ഒ. വിന്‍റെ സമരത്തെ നേരിടുന്ന പോലീസുകാരുടെ പ്രകടനങ്ങളെ മാറി നിന്ന് വീക്ഷിക്കുന്ന രണ്ടു കന്യാ സ്ത്രീകളുടെ ഫേസ് ബുക്ക്‌ ചിത്രം, ഇനിയും ഉത്തരം നല്‍കാനാകാത്ത ഈ ചോദ്യത്തിന് ചില മേമ്പൊടി മാത്രം!

പെണ്‍കുട്ടികള്‍ കഴിവും യോഗ്യതയും നേടി ഉത്തരങ്ങള്‍ പറയാന്‍ കഴിയുന്നവരായി മുന്നോട്ടു വരണം എന്ന രേഷ്മയുടെ വാദത്തെ അംഗീകരിക്കുന്നു. അത് പക്ഷെ, ഫാസിലയുടെയോ നൌഷാദയുടെയോ ലേഖനത്തിനോട് വിയോചിക്കുന്ന ഒരു പോയിന്‍റെ ആകുന്നില്ല. ഫാസിലയുടെ ലേഖനത്തില്‍ ഒരു വേള ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തെ പോലും പ്രതി സ്ഥാനത്തു നിര്‍ത്തി പേന ചലിപ്പിക്കുവാന്‍ കാണിച്ച ധൈര്യം ഈ വരികളില്‍ വായിക്കാം: “ചിലപ്പോഴെങ്കിലും കാമ്പസിനകത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം സംഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് പരസ്യമായി ഒരുമിച്ച് കൂടുന്നതില്‍ ഇസ്‌ലാമിക സംഘടനകള്‍ പോലും ആശങ്ക രേഖപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങളുണ്ടാവുന്നു. ഒരു പരിധിവരെയൊക്കെ പൊതുവെ മുസ്‌ലിം പുരുഷന്മാരുടെ സമുദായത്തിലെ സഹോദരിമാരുടെ മേലുള്ള സംരക്ഷക മനോഭാവമാവാം അവരെകൊണ്ടിങ്ങനെ പറയിക്കുന്നത്.”

സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് ഖുര്‍ആന്റെ കാഴ്ചപ്പാട് രേഷ്മ വായിച്ച രീതി വ്യത്യസ്തത പുലര്‍ത്തുന്നു. തല മറക്കുന്നതിനേക്കാള്‍ മാറ് മറക്കുന്നതിനെയാണ് ഖുര്‍ആന്‍ പ്രാധാന്യം നല്‍കുന്നത് എന്ന വായന ചില പുനരാലോചനകലിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. തല നന്നായി മറക്കുകയും മാറ് പുരുഷനെ ആകര്‍ഷിക്കത്തക്ക വിധം തള്ളി നിര്‍ത്തുകയും ചെയ്യുന്ന “പുത്തന്‍ ഹിജാബി” രീതികളെ ഈ വസ്തുത വെച്ച് വിലയിരുത്തുന്നത് നന്നാവും. സ്ത്രീ, സ്പര്‍ശനത്തിലൂടെ വൈകാരികമായി ഉത്തേജിക്കപ്പെടുന്ന അളവില്‍ പുരുഷന് കേവല ദര്‍ശനം മതിയെന്ന് സിഗ്മണ്ട് ഫ്രോയിഡ് അടക്കമുള്ള സൈക്കോലജിസ്ടുകള്‍ മാത്രമല്ല കണ്‍ മുന്നില്‍ ഞെരിഞ്ഞമരുന്ന പെണ്ണുടലുകള്‍ തന്നെ നമ്മോട് പറയുന്നു. അത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ ആഹ്വാനങ്ങളിലേക്ക് തിരിച്ചു പോകുന്നത് അഭിമാന ബോധവും ആത്മ വിശ്വാസവും നല്‍കുന്നു എന്നും ഈ ആത്മ വിശ്വാസത്തെ തടയാനാകരുത് അത് ധരിക്കുന്നത് എന്നുമുള്ള രേഷ്മയുടെ കാഴ്ച്ചപാടിനെ അംഗീകരിക്കുന്നു.

ലേഖികമാരുടെ എഴുത്തുകള്‍ മറ്റു ചില ആലോചനകളിലേക്ക് കൂടി നമ്മളെ നയിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സ്ത്രീയുമായും സ്ത്രീ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയങ്ങലളില്‍ സ്വതന്ത്രമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിന് നമ്മുടെ സ്ത്രീകള്‍ നേരിടുന്ന “അപ്രഖ്യാപിത വിലക്ക്” പൊട്ടിച്ചെറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്ത്രീ കേന്ദ്രീക്രിതവും എന്നാല്‍ പുരുഷ നിയന്ത്രിതവുമായ കുറെ ചര്‍വിത ചര്‍വണ വിഷയങ്ങളില്‍ തട്ടിയും മുട്ടിയും ഉത്തരം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനും ശീലിച്ച പഴയ സ്ത്രീ ശാക്തീകരണ എഴുതുകാരില്‍ നിന്നും പ്രസംഗകരില്‍ നിന്നും വ്യത്യസ്തമായി വസ്ത്ര ധാരണമടക്കമുള്ള വിഷയങ്ങളില്‍ സ്വയം ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും സ്വയം പ്രകാശിപ്പിക്കുവാനും കഴിയുന്ന ഒരു പെണ് തലമുറ ഉദയം ചെയ്യേണ്ടതുണ്ട്. ഫാസിലയുടെ ലേഖനത്തിലെ ചില വാചകങ്ങള്‍ ഈ അര്‍ത്ഥത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രചോദനം നല്‍കുന്ന ഒരു ന്യായമായ പരാതിയായി മനസ്സിലാക്കാം. “ഇസ്‌ലാമിനെയും ഇസ്‌ലാമിക് ടെക്സ്റ്റുകളെയും മുന്നില്‍വെച്ചുകൊണ്ട് കാമ്പസിനകത്ത് നടക്കുന്ന ചര്‍ച്ചകളിലെല്ലാം പലപ്പോഴും സഹോദരിമാരെ ചോദ്യശരങ്ങളില്‍നിന്നും രക്ഷിക്കാന്‍വേണ്ടി അവര്‍ കടന്നു കയറി നടത്തുന്ന ഇടപെടലുകള്‍ ഇസ്‌ലാമിന്റെ ആണ്‍ വ്യാഖ്യാനങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള തങ്ങളുടെ നിലപാടുകള്‍ക്കു തുടര്‍ന്ന് ഇടമില്ലാതാക്കി തീര്‍ക്കുന്നു. മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനും അത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയാനും പെണ്ണിനെക്കാള്‍ ആധികാരികത തനിക്കാണെന്ന മുസ്‌ലിം പുരുഷന്റെ ജ്ഞാനാധികാര ഭാവം കാമ്പസിനകത്തും ഇവര്‍ തുടരുന്നു.” ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതും കാത്തു നില്‍ക്കാതെയും കേവലമായ “പായേര്യം” പറച്ചിലായി സ്തംഭിപ്പിച്ചു നിര്‍ത്താതെയും പൊതു ഇടങ്ങളിലും ജ്ഞാനാധികാരത്തിന്റെ കോട്ടകളിലും ഇടിച്ചു കയറാന്‍ വിദ്യാഭ്യാസമുള്ള മുസ്ലിം പെണ്ണിന് കഴിയേണ്ടതുണ്ട്. വസ്ത്ര ധാരണ പ്രശ്നങ്ങളില്‍ “പുരുഷന്റെ അടിച്ചമര്‍ത്തലുകളുടെ ഇര” എന്ന പതിവ് അള്‍ട്ര സെക്കുലര്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കുക എന്നതിനപ്പുറം “ഇത് പ്രകൃതിയെ പടച്ച ദൈവം എന്നോട് ആവശ്യപ്പെട്ടിട്ടുള്ളതും പ്രകൃതിയുടെ വേദ ഗ്രന്ഥമായ ഖുര്‍ആന്‍ എന്നോട് ആഹ്വാനം ചെയ്യുന്നതുമായ വസ്ത്ര ധാരണ രീതി ആണ് എന്നും അതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളുടെ പുരുഷ നിയന്ത്രിത വ്യവസ്ഥകള്‍ക്കോ പൊതു ബോധങ്ങള്‍ക്കോ അധികാരമില്ല” എന്നും നെഞ്ച് വിരിച്ചു പറയാന്‍ മുസ്ലിം പെണ്ണിന് കഴിയുന്ന കാലത്ത് ശക്തമായ സ്ത്രീ മുന്നേറ്റങ്ങള്‍ നടക്കും. ഫെമിനിസ്ടുകള്‍ക്ക് ഇടപെടുവാന്‍ പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ട് തന്നെ സാധിക്കാത്ത നിരവധി ഇടങ്ങളില്‍ മുസ്ലിം പെണ്ണിന് അധികാരവും സ്വാധീനവും ചെലുത്താന്‍ കഴിയും.

വാല്‍കഷ്ണം: ആധുനിക മുസ്ലിം പെണ്ണെഴുത്തുകാരില്‍ പ്രഥമ സ്ഥാനീയയും കാമ്പുള്ള ചിന്തയുടെ ഉടമയുമായ ആമിന വദൂദ് കേരളത്തില്‍ വന്നു പോയത് അധികമാരും അറിയാതെ പോയത് അവര്‍ പെണ്ണിനെയും ഇസ്ലാമിലെ പെണ്ണിന്റെ സ്ഥാനത്തെയും കുറിച്ച് തികച്ചും സ്വതന്ത്രവും എന്നാല്‍ ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് തന്നെ പൊളിച്ചെഴുത്ത് നടത്തിയതിനാലും ആവാനേ തരമുള്ളൂ. യിവോണ്‍ രിട്ലിയും സല്‍മാ യാകൂബും ആഘോഷിക്കപ്പെട്ട കേരളീയ ഇസ്ലാമിസ്റ്റ് മണ്ഡലങ്ങളില്‍ അവര്‍ സ്വീകാര്യയാവാതെ വരുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അപ്പോള്‍ പിന്നെ ഈ പറയുന്ന പെണ്ണ് ഏതു ജ്ഞാനധികാരങ്ങളിലാണ് വിള്ളലുകള്‍ വീഴ്ത്താന്‍ പോകുന്നത്?

Thursday, June 20, 2013

ശ്മശാന ഭൂമിയില്‍ ഒരാള്‍

എങ്ങോ നിന്നും വന്ന യാത്രക്കാരനാകാം....അതല്ലെങ്കില്‍ അന്നാട്ടുകാരന്‍ തന്നെ, അല്‍പ ദിവസം പുറത്തു പോയി തിരിച്ചു വന്നതാകാം... കണ്ട കാഴ്ചകള്‍ ഭയാനകം! ദൈവ ധിക്കാരം ആ നാടിനെ നശിപ്പിച്ചതായിരുന്നു. വേരോടെ പിഴുതെറിയപ്പെട്ട ഈന്തപ്പന തടികള്‍ പോലെ മനുഷ്യ ശരീരങ്ങളും പാര്‍പിടങ്ങളും മരങ്ങളും ജീവജാലങ്ങളും! ആളനക്കം പോയിട്ട് ഒരു പുല്‍ക്കൊടി പോലും ജീവനോടെ ഇല്ല! ഇന്നലെ വരെ കുഞ്ഞുങ്ങളുടെ കലപിലകളും പറവകളുടെ കളകളാരവങ്ങളും കമ്പോളത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത ഒച്ചപ്പാടുകളും എത്ര പെട്ടെന്നാണ് ഭീതിതമായ ശ്മശാന മൂകതക്ക് വഴി മാറിയത്! ഹോ...കഷ്ടം! ഒരു ജലാശയമെങ്കിലും കണ്ടെങ്കില്‍...? ദാഹം തീര്‍ക്കുവാന്‍ അല്ല...കുടി വെള്ളം തന്റെ കയ്യിലെ തോലുറയില്‍ ഇഷ്ടം പോലെ ഉണ്ട്. പക്ഷെ, വെള്ളത്തുള്ളികളില്‍ ജീവന്റെ ഒരു തുടിപ്പ് കണ്ടെന്കിലോ? ഇല്ല! ഒന്നും...ആരും...എവിടെയും!

പിറകില്‍  നിന്നും ഒരു അനക്കം! പ്രതീക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തന്റെ യാത്രാ വാഹനമായ കഴുതയുടെ കാലനക്കമാണ്. “കഴുത” അയാള്‍ തന്റെ വാഹനത്തെ ഒന്ന് ശപിച്ചു കാണും. “ഇനി എന്ത്?” വല്ലാത്ത ക്ഷീണമുണ്ട്. ചിതറി കിടന്ന ശിലാ ഫലകങ്ങള്‍ക്കിടയില്‍ ഇരുന്ന് കാല്‍ നാട്ടി  മെല്ലെ ഒന്ന് ചാരി. സ്വയം മറന്നു ഇത്രയേ ചിന്തിച്ചുള്ളൂ...."ജീവന്റെ ഒരു കണിക പോലും ബാക്കിയാക്കാതെ നശിപ്പിക്കപ്പെട്ട ഈ മണ്ണില്‍ ഇനി ഒരു ജന്മമില്ല... തകര്‍ത്തു കളഞ്ഞ ദൈവം തന്നെ നന്നാക്കാന്‍ പാട് പെടും!” യാത്ര ക്ഷീണം അയാളെ നിദ്രയിലേക്ക് നയിച്ചു. ദീര്‍ഘ നാളത്തേക്ക് അയാള്‍ ഉണര്‍ന്നില്ല. നാളുകളല്ല, നീണ്ട നൂറു വര്‍ഷം! അതിനിടെ എത്ര കാള രാത്രികള്‍ കഴിഞ്ഞു പോയിരിക്കാം. മരുഭൂമി തിളച്ചു മറിയുമാറ് എത്ര അത്യുഷ്ണം കടന്നു പോയിരിക്കാം. എത്ര പേമാരികള്‍ പ്രളയം തീര്‍ത്തിരിക്കാം. ഒന്നുമറിയാതെ അയാള്‍! അല്ലെങ്കിലും ചിലര്‍ അങ്ങിനെയാണല്ലോ... ആകാശം ഇടിഞ്ഞു വീണാലും അറിയില്ല എന്നല്ലേ...? 

നൂറ്റി ഒന്നാം ദിവസം..... നട്ടുച്ച വെയില്‍ അയാള്‍ക്ക്‌ വാതിലില്‍ മുട്ടി വിളിക്കുന്ന വെളുപ്പെന്നേ തോന്നിയുള്ളൂ. കയ്യിലെ പാനീയമോ ആഹാരമോ നൂറു വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞില്ല എന്ന് തോന്നുന്നു. തോല്പാത്രത്തില്‍ നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു. സഞ്ചിയില്‍ കരുതിയ ഭക്ഷണം വാരി വലിച്ചു കഴിച്ചു.  നൂറു വര്‍ഷം കിടന്നിട്ടും അഴുകാത്ത ഭക്ഷണം? അയാളുണ്ടോ അത് അറിയുന്നു? അല്പം കൂടി വെള്ളമെടുത്ത് മുഖം കഴുകി ഒന്ന് നിവര്‍ന്നു നിന്നതാ... അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു ദൈവത്തിന്റെ ചോദ്യം: “അല്ല മനുഷ്യ.... എത്ര വര്‍ഷം ഉറങ്ങി?” ആദ്യമൊന്നു ഞെട്ടിയെങ്കിലും അയാള്‍ ഭാവ ഭേദം കൂടാതെ മൊഴിഞ്ഞു: “ഒന്നോ രണ്ടോ ദിവസം”....!

ഇനി യാത്ര തുടരുക തന്നെ. പക്ഷെ തന്‍റെ കഴുതയെവിടെ? ഇല്ല... അടുത്തെങ്ങുമില്ല....അയാള്‍ നന്നായി തിരഞ്ഞു. കണ്ടില്ല! പിന്നെ... പിന്നെ... ഒരു തരം അസ്വസ്ഥത അയാളെ പിടികൂടാന്‍ തുടങ്ങി....എവിടെ പോയി എന്റെ “കഴുത”? ദൈവമേ ഞാന്‍ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും? എങ്ങിനെ പോകും? എന്റെ കഴുത! വാവിട്ടു കരയാന്‍ തോന്നി. എങ്ങും പോയില്ല! അല്പം വാര അകലെയായി അതാ....ആണ്ടുകള്‍ക്ക് മുമ്പ് ചത്ത്‌ മണ്ണടിഞ്ഞു എല്ല് കൂടായി മാറിയ ആ കഴുത! അയാള്‍ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അപ്പോള്‍ താന്‍ കഴിച്ച ആഹാരവും കുടിച്ച വെള്ളവും? ദൈവമേ... ഞാന്‍ ഏതു ലോകത്താ?

ദൈവം  വീണ്ടും: “എടൊ, താന്‍ ഉറങ്ങിയത് ഒന്നോ രണ്ടോ ദിവസമല്ല, നൂറു വര്‍ഷം!" ശരിയാ...ആ കഴുതയുടെ അസ്ഥി കൂടത്തിന്റെ കിടപ്പ് കണ്ടാല്‍ അറിയാം നൂറല്ല അതിലും അധികമാകാം. ദൈവം വിടുന്ന മട്ടില്ല. “ഇനി നോക്കൂ.... ചത്ത്‌ മണ്ണടിഞ്ഞ നിന്റെ കഴുത എങ്ങിനെ പുനര്‍ ജീവിക്കുന്നത് എന്ന്?” ഇപ്പോള്‍ അയാളില്‍ ശരിക്കും ഒരു ഭീതി കടന്നു കൂടുകയാണ്. മണ്ണിലടിഞ്ഞ നുരുമ്പിയ എല്ലിന്‍ കഷ്ണങ്ങള്‍ ഒരുമിച്ചു കൂടി വരുന്നതും എല്ലിന്‍ കൂട്ടില്‍ മാംസം ഉരുവം കൊള്ളുന്നതും അങ്ങിനെ തന്റെ സ്വന്തം കഴുത പൂര്‍വ സ്ഥിതിയിലാകുന്നതും അയാള്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടു. അയാള്‍ തന്‍റെ ശരീരത്തിലെ ഓരോ രോമ കൂപത്തിലെക്കും നോക്കി. “അപ്പോള്‍ ഞാന്‍?” ഈ നൂറു വര്ഷം! എന്റെ തൊലി? എന്‍റെ മാംസം? എന്‍റെ എല്ലുകള്‍? ഹൃദയ മിടിപ്പ് കൂടി വരുന്നു! ആകാശം പൊട്ടി പിളരുന്നത് പോലെ! ഭൂമി തന്റെ കാലിന്നടിയില്‍ കിടന്നു പിടക്കുന്നത് പോലെ! ഒന്ന് മരിച്ചു പോയെങ്കില്‍....! ഇനിയൊരു ഉണര്ച്ചയില്ലാത്ത വിധം...

അയാള്‍ അല്ലാഹുവിനെ തിരിച്ചറിയുകയായിരുന്നു! “അല്ലാഹ്... നീ മഹാന്‍... നീ അറിയാത്തതായി ഒന്നുമില്ല... നിനക്ക് കഴിയാത്തതായി ഒന്നുമില്ല!”

(വിശുദ്ധ ഖുര്‍ആന്‍ സൂറ: ബഖറ 59 - ആം സൂക്തത്തെ അധികരിച്ച് എഴുതിയത്)

Tuesday, June 18, 2013

ജനനം മരണം തന്നിരിക്കുന്നു.

ആര്‍ത്ത നാദങ്ങളില്‍ ഒരു തരം ഉന്മാദം നിറഞ്ഞിരുന്നു.
ഉന്മാദം അട്ടഹാസങ്ങള്‍ക്ക് വഴി മാറി, പിന്നെ ഭ്രാന്തിനും.
ജനനം ജീവിതം തന്നില്ല. മരണവും!
തന്നു: ഒത്തിരി തമാശകള്‍, ചിരി, കളികള്‍, രതി....എല്ലാം...
ചുവപ്പ്, പച്ച, മഞ്ഞ, വെള്ള, കറുപ്പ് .....വിവിധ വര്‍ണ്ണങ്ങളില്‍!
പുറത്തെ ആരവങ്ങള്‍ കാതുകളെ കീറി മുറിക്കുമാര്‍
കഠോരമായപ്പോഴാ തിരിച്ചറിഞ്ഞത്:
എല്ലാം ചോരയില്‍ ചായം വീണു നിറം മാറിയതായിരുന്നു!
ഇപ്പോള്‍ വല്ലാത്ത ആശ്വാസം,
ആര്‍പ്പ് വിളികള്‍ക്കും, പൊട്ടിച്ചിരികള്‍ക്കും...
പ്രാണന്റെ പിടച്ചിലുകള്‍ക്കും ഞരക്കങ്ങള്‍ക്കും.....
ഒരു തരം ശ്മശാന മൂകത!
പിന്നെ ഒരു അശരീരി: ജനനം ജീവിതം തന്നില്ല, മരണം തന്നിരിക്കുന്നു!

Thursday, November 8, 2012

പൂട്ട്‌

പത്രം വായിച്ചും വാചക മടിച്ചും
പരിപ്പ്  വടയും പഴം പൊരിയും തിന്നു പറ്റിലെഴുതി,
"പിന്നെ  കാണാം" എന്ന്പറഞ്ഞവര്‍ പണ്ട്.....
എന്നിട്ടും....ആ ചായക്കട പൂട്ടിയില്ലായിരുന്നു!
പൂട്ട്‌ വീണത്‌...
പത്രങ്ങളുടെ മഷി മാറിയപ്പോഴാ...
വാചകങ്ങള്‍ക്ക് എം ബി എ ക്കാരന്റെ ചുവ വന്നപ്പോഴാ...
പിന്നെ... ചായക്കോപ്പയിലെ കൊടുങ്കാറ്റ്
എ  സി യുടെ തണുത്ത കാറ്റിനു വഴി മാറിയപ്പോള്‍
കമുങ്ങിന്‍ തടികളാല്‍ തട്ടി കൂട്ടിയ ആ "മക്കാനി"
രാത്രി യുടെ മറവില്‍ ആരോ വന്നു പൂട്ടി...
പുലര്‍ന്നപ്പോള്‍...
പതിച്ചു  കണ്ട പോസ്റ്റര്‍ ആരും കണ്ടില്ലെന്നു നടിച്ചു...
"മിണ്ടരുത്!"
കണ്ടത് ഒന്ന് മാത്രം...
ആര്‍ക്കും പൊട്ടിക്കാനാവാത്ത....ആ  വമ്പന്‍ ....പൂട്ട്‌!
പിന്നെ  അഞ്ചു നക്ഷത്രങ്ങള്‍, രണ്ടു കവാടം,
ചിലംബലുകളില്ലാത്ത കമ്പോളം......
തിരിച്ചു നടക്കവേ.....പൂട്ട്‌ എന്റെ കാലിനിട്ടും പൂട്ടി!