Thursday, June 20, 2013

ശ്മശാന ഭൂമിയില്‍ ഒരാള്‍

എങ്ങോ നിന്നും വന്ന യാത്രക്കാരനാകാം....അതല്ലെങ്കില്‍ അന്നാട്ടുകാരന്‍ തന്നെ, അല്‍പ ദിവസം പുറത്തു പോയി തിരിച്ചു വന്നതാകാം... കണ്ട കാഴ്ചകള്‍ ഭയാനകം! ദൈവ ധിക്കാരം ആ നാടിനെ നശിപ്പിച്ചതായിരുന്നു. വേരോടെ പിഴുതെറിയപ്പെട്ട ഈന്തപ്പന തടികള്‍ പോലെ മനുഷ്യ ശരീരങ്ങളും പാര്‍പിടങ്ങളും മരങ്ങളും ജീവജാലങ്ങളും! ആളനക്കം പോയിട്ട് ഒരു പുല്‍ക്കൊടി പോലും ജീവനോടെ ഇല്ല! ഇന്നലെ വരെ കുഞ്ഞുങ്ങളുടെ കലപിലകളും പറവകളുടെ കളകളാരവങ്ങളും കമ്പോളത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത ഒച്ചപ്പാടുകളും എത്ര പെട്ടെന്നാണ് ഭീതിതമായ ശ്മശാന മൂകതക്ക് വഴി മാറിയത്! ഹോ...കഷ്ടം! ഒരു ജലാശയമെങ്കിലും കണ്ടെങ്കില്‍...? ദാഹം തീര്‍ക്കുവാന്‍ അല്ല...കുടി വെള്ളം തന്റെ കയ്യിലെ തോലുറയില്‍ ഇഷ്ടം പോലെ ഉണ്ട്. പക്ഷെ, വെള്ളത്തുള്ളികളില്‍ ജീവന്റെ ഒരു തുടിപ്പ് കണ്ടെന്കിലോ? ഇല്ല! ഒന്നും...ആരും...എവിടെയും!

പിറകില്‍  നിന്നും ഒരു അനക്കം! പ്രതീക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തന്റെ യാത്രാ വാഹനമായ കഴുതയുടെ കാലനക്കമാണ്. “കഴുത” അയാള്‍ തന്റെ വാഹനത്തെ ഒന്ന് ശപിച്ചു കാണും. “ഇനി എന്ത്?” വല്ലാത്ത ക്ഷീണമുണ്ട്. ചിതറി കിടന്ന ശിലാ ഫലകങ്ങള്‍ക്കിടയില്‍ ഇരുന്ന് കാല്‍ നാട്ടി  മെല്ലെ ഒന്ന് ചാരി. സ്വയം മറന്നു ഇത്രയേ ചിന്തിച്ചുള്ളൂ...."ജീവന്റെ ഒരു കണിക പോലും ബാക്കിയാക്കാതെ നശിപ്പിക്കപ്പെട്ട ഈ മണ്ണില്‍ ഇനി ഒരു ജന്മമില്ല... തകര്‍ത്തു കളഞ്ഞ ദൈവം തന്നെ നന്നാക്കാന്‍ പാട് പെടും!” യാത്ര ക്ഷീണം അയാളെ നിദ്രയിലേക്ക് നയിച്ചു. ദീര്‍ഘ നാളത്തേക്ക് അയാള്‍ ഉണര്‍ന്നില്ല. നാളുകളല്ല, നീണ്ട നൂറു വര്‍ഷം! അതിനിടെ എത്ര കാള രാത്രികള്‍ കഴിഞ്ഞു പോയിരിക്കാം. മരുഭൂമി തിളച്ചു മറിയുമാറ് എത്ര അത്യുഷ്ണം കടന്നു പോയിരിക്കാം. എത്ര പേമാരികള്‍ പ്രളയം തീര്‍ത്തിരിക്കാം. ഒന്നുമറിയാതെ അയാള്‍! അല്ലെങ്കിലും ചിലര്‍ അങ്ങിനെയാണല്ലോ... ആകാശം ഇടിഞ്ഞു വീണാലും അറിയില്ല എന്നല്ലേ...? 

നൂറ്റി ഒന്നാം ദിവസം..... നട്ടുച്ച വെയില്‍ അയാള്‍ക്ക്‌ വാതിലില്‍ മുട്ടി വിളിക്കുന്ന വെളുപ്പെന്നേ തോന്നിയുള്ളൂ. കയ്യിലെ പാനീയമോ ആഹാരമോ നൂറു വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞില്ല എന്ന് തോന്നുന്നു. തോല്പാത്രത്തില്‍ നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു. സഞ്ചിയില്‍ കരുതിയ ഭക്ഷണം വാരി വലിച്ചു കഴിച്ചു.  നൂറു വര്‍ഷം കിടന്നിട്ടും അഴുകാത്ത ഭക്ഷണം? അയാളുണ്ടോ അത് അറിയുന്നു? അല്പം കൂടി വെള്ളമെടുത്ത് മുഖം കഴുകി ഒന്ന് നിവര്‍ന്നു നിന്നതാ... അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു ദൈവത്തിന്റെ ചോദ്യം: “അല്ല മനുഷ്യ.... എത്ര വര്‍ഷം ഉറങ്ങി?” ആദ്യമൊന്നു ഞെട്ടിയെങ്കിലും അയാള്‍ ഭാവ ഭേദം കൂടാതെ മൊഴിഞ്ഞു: “ഒന്നോ രണ്ടോ ദിവസം”....!

ഇനി യാത്ര തുടരുക തന്നെ. പക്ഷെ തന്‍റെ കഴുതയെവിടെ? ഇല്ല... അടുത്തെങ്ങുമില്ല....അയാള്‍ നന്നായി തിരഞ്ഞു. കണ്ടില്ല! പിന്നെ... പിന്നെ... ഒരു തരം അസ്വസ്ഥത അയാളെ പിടികൂടാന്‍ തുടങ്ങി....എവിടെ പോയി എന്റെ “കഴുത”? ദൈവമേ ഞാന്‍ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും? എങ്ങിനെ പോകും? എന്റെ കഴുത! വാവിട്ടു കരയാന്‍ തോന്നി. എങ്ങും പോയില്ല! അല്പം വാര അകലെയായി അതാ....ആണ്ടുകള്‍ക്ക് മുമ്പ് ചത്ത്‌ മണ്ണടിഞ്ഞു എല്ല് കൂടായി മാറിയ ആ കഴുത! അയാള്‍ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അപ്പോള്‍ താന്‍ കഴിച്ച ആഹാരവും കുടിച്ച വെള്ളവും? ദൈവമേ... ഞാന്‍ ഏതു ലോകത്താ?

ദൈവം  വീണ്ടും: “എടൊ, താന്‍ ഉറങ്ങിയത് ഒന്നോ രണ്ടോ ദിവസമല്ല, നൂറു വര്‍ഷം!" ശരിയാ...ആ കഴുതയുടെ അസ്ഥി കൂടത്തിന്റെ കിടപ്പ് കണ്ടാല്‍ അറിയാം നൂറല്ല അതിലും അധികമാകാം. ദൈവം വിടുന്ന മട്ടില്ല. “ഇനി നോക്കൂ.... ചത്ത്‌ മണ്ണടിഞ്ഞ നിന്റെ കഴുത എങ്ങിനെ പുനര്‍ ജീവിക്കുന്നത് എന്ന്?” ഇപ്പോള്‍ അയാളില്‍ ശരിക്കും ഒരു ഭീതി കടന്നു കൂടുകയാണ്. മണ്ണിലടിഞ്ഞ നുരുമ്പിയ എല്ലിന്‍ കഷ്ണങ്ങള്‍ ഒരുമിച്ചു കൂടി വരുന്നതും എല്ലിന്‍ കൂട്ടില്‍ മാംസം ഉരുവം കൊള്ളുന്നതും അങ്ങിനെ തന്റെ സ്വന്തം കഴുത പൂര്‍വ സ്ഥിതിയിലാകുന്നതും അയാള്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടു. അയാള്‍ തന്‍റെ ശരീരത്തിലെ ഓരോ രോമ കൂപത്തിലെക്കും നോക്കി. “അപ്പോള്‍ ഞാന്‍?” ഈ നൂറു വര്ഷം! എന്റെ തൊലി? എന്‍റെ മാംസം? എന്‍റെ എല്ലുകള്‍? ഹൃദയ മിടിപ്പ് കൂടി വരുന്നു! ആകാശം പൊട്ടി പിളരുന്നത് പോലെ! ഭൂമി തന്റെ കാലിന്നടിയില്‍ കിടന്നു പിടക്കുന്നത് പോലെ! ഒന്ന് മരിച്ചു പോയെങ്കില്‍....! ഇനിയൊരു ഉണര്ച്ചയില്ലാത്ത വിധം...

അയാള്‍ അല്ലാഹുവിനെ തിരിച്ചറിയുകയായിരുന്നു! “അല്ലാഹ്... നീ മഹാന്‍... നീ അറിയാത്തതായി ഒന്നുമില്ല... നിനക്ക് കഴിയാത്തതായി ഒന്നുമില്ല!”

(വിശുദ്ധ ഖുര്‍ആന്‍ സൂറ: ബഖറ 59 - ആം സൂക്തത്തെ അധികരിച്ച് എഴുതിയത്)

1 comment:

  1. നാട് ഫലസ്തീൻ ആണെന്നും യാത്രികാൻ ഹുസൈർ (അ) ആണെന്നും പണ്ഡിതാഭിപ്രായമുണ്ട്.

    പ്രിയ സുഹൃത്ത് ജാബിർ,
    താങ്കളുടെ മൂർച്ചയുള്ള ചിന്തകളും വശ്യമായ ശൈലിയും കൂടുതൽ വായിക്കാൻ കാത്തിരിക്കുന്നു
    അഭിനന്ദനങ്ങൾ...

    ReplyDelete