Thursday, June 27, 2013

മുസ്ലിം പെണ്ണ് സ്വതന്ത്രമായി സംസാരിക്കുമ്പോള്‍...!

പ്രബോധനം ലക്കം 2804 ല്‍ എ.കെ. ഫാസിലയും നൌഷാദ ബാസും എഴുതിയ ലേഖനങ്ങളോടു വിയോചിച്ചു കൊണ്ട് രേഷ്മ കൊട്ടക്കാട്‌ എഴുതിയ പ്രതികരണമാണ് (പ്രബോധനം, ലക്കം 2806) ഈ കുറിപ്പിനാധാരം. പ്രതികരണം മുഴുവന്‍ ഇരു ആവര്‍ത്തി വായിച്ചിട്ടും രേഷ്മയുടെ വിയോചിപ്പ് എന്താണ് എന്ന് മനസ്സിലായില്ല. അവര്‍ മുന്നോട്ടു വെച്ച പ്രധാന പോയന്റു ഇതാണ്: “തല മറക്കുന്നതും പര്‍ദ ധരിക്കുന്നതുമാണ് ഇന്ന് മുസ്‌ലിം സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതിന്റെ പേരിലാണ് അവള്‍ അവഹേളിക്കപ്പെടുന്നതെന്നുമാണ് ലേഖകരെപ്പോലെ പലരും വിചാരിക്കുന്നത്. മഫ്തയും പര്‍ദയും ധരിക്കുന്നതാണ് മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും കാരണമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്.” രേഷ്മയുടെ ഈ വ്യാഖ്യാനം ഫാസിലയുടെയും നൌഷാദ യുടെയും ലേഖനങ്ങളില്‍ നിന്നും എത്ര ആലോചിച്ചിട്ടും ഉരുത്തിരിചെടുക്കാന്‍ ആകുന്നില്ല. ലെഖികമാര്‍ മുന്നോട്ടു വെച്ച സുവ്യക്തവും സുപ്രധാനവുമായ ചോദ്യങ്ങളെ അപ്രധാനമാക്കുന്നതിനുള്ള ഒരു ശ്രമം മാത്രമേ അത് ആകുന്നുള്ളൂ.

‘ഹിജാബ്’ എന്നത് ഏറ്റവും അധികം പ്രശ്നവല്‍ക്കരിക്കപ്പെട്ട ഒരു ആഗോള പൊതു ബോധം നില നില്‍ക്കുന്ന പുതിയ കാലത്ത്, മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബിന്റെ പേരില്‍ കാമ്പസുകളില്‍ നേരിടുന്ന അപരവല്‍ക്കരണത്തെ ശക്തമായ തൂലിക ഉപയോഗിച്ച് കൈകാര്യം ചെയ്ത ലെഖികമാര്‍ യഥാര്‍ത്ഥത്തില് അഭിനന്ദനം അര്‍ഹിക്കുന്നു. ആധുനിക ലോകത്തെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തെ മതകീയമായി അവര്‍ നേടിയ പുതിയ തിരിച്ചരിവുകളില്‍ നിന്ന് മാറ്റി നിര്‍ത്തി വിശദീകരിക്കുക സാധ്യമല്ല. അത് കൊണ്ട് തന്നെ മത ചിഹ്നങ്ങളിലേക്കുള്ള മുസ്ലിം സ്ത്രീയുടെ തിരിച്ചു പോക്കിനെ സെക്കുലറിസത്തിന്റെ ലേബലില്‍ ടാര്‍ഗറ്റ് ചെയ്യുന്നതിന് മത ചിഹ്നങ്ങളെ പ്രശ്നവല്‍ക്കരിക്കുക എന്ന തന്ത്രമാണ് ആഗോളാടിസ്ഥാനത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ ഒരു മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തി കാണിക്കുന്നതില്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു എന്നാണ് പ്രബോധനത്തിലെ ലേഖികമാര്‍ തെളിയിച്ചിട്ടുള്ളത്. ഹിജാബ് വിരുദ്ധ ഒളി അജണ്ടകളെ മറച്ചു വെച്ച് കൊണ്ട് അഡ്വ: ആയിഷ ബീവിയുടെ 1970 കളിലെ “പര്‍ദ്ദക്കുള്ളിലെ വിപ്ലവ സ്ഫുലിംകമായ” ചരിത്രം ഉദാഹരിച്ച് കഴിവും യോഗ്യതയും ഉള്ളവര്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് അവഹേളിക്കപ്പെടുകയില്ല എന്ന് പറയുന്ന രേഷ്മ, 2012 ന്‍റെ പട്ടാപകലില്‍ ഗുഹവതിയുടെ ‘മനുഷ്യ വാസ’ പൊതു നിരത്തുകളിലൂടെ നൌഷാദ ബാസ് ക്യാപ് ധരിച്ചു നടക്കാന്‍ നിര്‍ബന്ധിതയായതിനെയും അത് വഴി ഒരു “ലിബറല്‍” ലേബല്‍ സൌജന്യമായി ലഭിച്ചതിനെയും എങ്ങിനെ വിശദീകരിക്കും? നിങ്ങള്‍ പര്‍ദ ധരിക്കുന്നതെന്താണ് എന്നു ചോദിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ ധരിക്കുന്നത് കാണുന്നില്ലേ എന്ന് തിരിച്ചു ചോദിക്കുന്നത് ആദം നബി മുതല്‍ അന്ത്യ നാള്‍ വരെ നല്‍കപ്പെട്ട ചോദ്യോത്തരമാണ് എന്നത് കൊണ്ട് മാത്രം പഴഞ്ചന്‍ ആകുന്നില്ല. ഏതു കുഞ്ഞു കുട്ടിക്കും ലളിതമായി ചോദിക്കാവുന്നതും എന്നാല്‍ ഇന്ന് വരെ ഫ്രഞ്ച് പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അടക്കമുള്ള മതേതരത്തിന്റെ മൊത്ത കച്ചവടക്കാരായ ഒരുത്തനില്‍ നിന്നും ഉത്തരം ലഭിച്ചിട്ടില്ലാത്തതുമായ ചോദ്യമാണത്. ലോകത്തെ ഒരു സെകുലര്‍ രാജ്യത്തും കന്യാസ്ത്രീകളുടെ വേഷം പ്രശ്നവല്‍ക്കരിക്കപ്പെട്ട ചരിത്രമോ വര്തമാനമോ ഇല്ല എന്നത് ഈ ചോദ്യത്തിന്റെ പ്രസക്തി വര്ധിപ്പിക്കുന്നെ ഉള്ളൂ. (ഇതിന്റെ കാരണം പര്‍ദയുടെ നിറം ‘കറുപ്പ്’ ആയത് കൊണ്ടും കന്യക വസ്ത്രം ‘കറുപ്പ്’ അല്ലാത്തത് കൊണ്ടും ആകുന്നു എന്ന് ഉത്തരം പറയപ്പെടുമോ എന്ന് അറിയില്ല.) ആലുവ നിര്‍മല സ്കൂളിന്റെ തട്ട വിരുദ്ധ നടപടിക്കെതിരെ ചോദ്യമുയര്‍ത്തിയ എസ്. ഐ. ഒ. വിന്‍റെ സമരത്തെ നേരിടുന്ന പോലീസുകാരുടെ പ്രകടനങ്ങളെ മാറി നിന്ന് വീക്ഷിക്കുന്ന രണ്ടു കന്യാ സ്ത്രീകളുടെ ഫേസ് ബുക്ക്‌ ചിത്രം, ഇനിയും ഉത്തരം നല്‍കാനാകാത്ത ഈ ചോദ്യത്തിന് ചില മേമ്പൊടി മാത്രം!

പെണ്‍കുട്ടികള്‍ കഴിവും യോഗ്യതയും നേടി ഉത്തരങ്ങള്‍ പറയാന്‍ കഴിയുന്നവരായി മുന്നോട്ടു വരണം എന്ന രേഷ്മയുടെ വാദത്തെ അംഗീകരിക്കുന്നു. അത് പക്ഷെ, ഫാസിലയുടെയോ നൌഷാദയുടെയോ ലേഖനത്തിനോട് വിയോചിക്കുന്ന ഒരു പോയിന്‍റെ ആകുന്നില്ല. ഫാസിലയുടെ ലേഖനത്തില്‍ ഒരു വേള ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തെ പോലും പ്രതി സ്ഥാനത്തു നിര്‍ത്തി പേന ചലിപ്പിക്കുവാന്‍ കാണിച്ച ധൈര്യം ഈ വരികളില്‍ വായിക്കാം: “ചിലപ്പോഴെങ്കിലും കാമ്പസിനകത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം സംഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് പരസ്യമായി ഒരുമിച്ച് കൂടുന്നതില്‍ ഇസ്‌ലാമിക സംഘടനകള്‍ പോലും ആശങ്ക രേഖപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങളുണ്ടാവുന്നു. ഒരു പരിധിവരെയൊക്കെ പൊതുവെ മുസ്‌ലിം പുരുഷന്മാരുടെ സമുദായത്തിലെ സഹോദരിമാരുടെ മേലുള്ള സംരക്ഷക മനോഭാവമാവാം അവരെകൊണ്ടിങ്ങനെ പറയിക്കുന്നത്.”

സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് ഖുര്‍ആന്റെ കാഴ്ചപ്പാട് രേഷ്മ വായിച്ച രീതി വ്യത്യസ്തത പുലര്‍ത്തുന്നു. തല മറക്കുന്നതിനേക്കാള്‍ മാറ് മറക്കുന്നതിനെയാണ് ഖുര്‍ആന്‍ പ്രാധാന്യം നല്‍കുന്നത് എന്ന വായന ചില പുനരാലോചനകലിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. തല നന്നായി മറക്കുകയും മാറ് പുരുഷനെ ആകര്‍ഷിക്കത്തക്ക വിധം തള്ളി നിര്‍ത്തുകയും ചെയ്യുന്ന “പുത്തന്‍ ഹിജാബി” രീതികളെ ഈ വസ്തുത വെച്ച് വിലയിരുത്തുന്നത് നന്നാവും. സ്ത്രീ, സ്പര്‍ശനത്തിലൂടെ വൈകാരികമായി ഉത്തേജിക്കപ്പെടുന്ന അളവില്‍ പുരുഷന് കേവല ദര്‍ശനം മതിയെന്ന് സിഗ്മണ്ട് ഫ്രോയിഡ് അടക്കമുള്ള സൈക്കോലജിസ്ടുകള്‍ മാത്രമല്ല കണ്‍ മുന്നില്‍ ഞെരിഞ്ഞമരുന്ന പെണ്ണുടലുകള്‍ തന്നെ നമ്മോട് പറയുന്നു. അത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ ആഹ്വാനങ്ങളിലേക്ക് തിരിച്ചു പോകുന്നത് അഭിമാന ബോധവും ആത്മ വിശ്വാസവും നല്‍കുന്നു എന്നും ഈ ആത്മ വിശ്വാസത്തെ തടയാനാകരുത് അത് ധരിക്കുന്നത് എന്നുമുള്ള രേഷ്മയുടെ കാഴ്ച്ചപാടിനെ അംഗീകരിക്കുന്നു.

ലേഖികമാരുടെ എഴുത്തുകള്‍ മറ്റു ചില ആലോചനകളിലേക്ക് കൂടി നമ്മളെ നയിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സ്ത്രീയുമായും സ്ത്രീ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയങ്ങലളില്‍ സ്വതന്ത്രമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിന് നമ്മുടെ സ്ത്രീകള്‍ നേരിടുന്ന “അപ്രഖ്യാപിത വിലക്ക്” പൊട്ടിച്ചെറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്ത്രീ കേന്ദ്രീക്രിതവും എന്നാല്‍ പുരുഷ നിയന്ത്രിതവുമായ കുറെ ചര്‍വിത ചര്‍വണ വിഷയങ്ങളില്‍ തട്ടിയും മുട്ടിയും ഉത്തരം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനും ശീലിച്ച പഴയ സ്ത്രീ ശാക്തീകരണ എഴുതുകാരില്‍ നിന്നും പ്രസംഗകരില്‍ നിന്നും വ്യത്യസ്തമായി വസ്ത്ര ധാരണമടക്കമുള്ള വിഷയങ്ങളില്‍ സ്വയം ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും സ്വയം പ്രകാശിപ്പിക്കുവാനും കഴിയുന്ന ഒരു പെണ് തലമുറ ഉദയം ചെയ്യേണ്ടതുണ്ട്. ഫാസിലയുടെ ലേഖനത്തിലെ ചില വാചകങ്ങള്‍ ഈ അര്‍ത്ഥത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രചോദനം നല്‍കുന്ന ഒരു ന്യായമായ പരാതിയായി മനസ്സിലാക്കാം. “ഇസ്‌ലാമിനെയും ഇസ്‌ലാമിക് ടെക്സ്റ്റുകളെയും മുന്നില്‍വെച്ചുകൊണ്ട് കാമ്പസിനകത്ത് നടക്കുന്ന ചര്‍ച്ചകളിലെല്ലാം പലപ്പോഴും സഹോദരിമാരെ ചോദ്യശരങ്ങളില്‍നിന്നും രക്ഷിക്കാന്‍വേണ്ടി അവര്‍ കടന്നു കയറി നടത്തുന്ന ഇടപെടലുകള്‍ ഇസ്‌ലാമിന്റെ ആണ്‍ വ്യാഖ്യാനങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള തങ്ങളുടെ നിലപാടുകള്‍ക്കു തുടര്‍ന്ന് ഇടമില്ലാതാക്കി തീര്‍ക്കുന്നു. മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനും അത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയാനും പെണ്ണിനെക്കാള്‍ ആധികാരികത തനിക്കാണെന്ന മുസ്‌ലിം പുരുഷന്റെ ജ്ഞാനാധികാര ഭാവം കാമ്പസിനകത്തും ഇവര്‍ തുടരുന്നു.” ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതും കാത്തു നില്‍ക്കാതെയും കേവലമായ “പായേര്യം” പറച്ചിലായി സ്തംഭിപ്പിച്ചു നിര്‍ത്താതെയും പൊതു ഇടങ്ങളിലും ജ്ഞാനാധികാരത്തിന്റെ കോട്ടകളിലും ഇടിച്ചു കയറാന്‍ വിദ്യാഭ്യാസമുള്ള മുസ്ലിം പെണ്ണിന് കഴിയേണ്ടതുണ്ട്. വസ്ത്ര ധാരണ പ്രശ്നങ്ങളില്‍ “പുരുഷന്റെ അടിച്ചമര്‍ത്തലുകളുടെ ഇര” എന്ന പതിവ് അള്‍ട്ര സെക്കുലര്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കുക എന്നതിനപ്പുറം “ഇത് പ്രകൃതിയെ പടച്ച ദൈവം എന്നോട് ആവശ്യപ്പെട്ടിട്ടുള്ളതും പ്രകൃതിയുടെ വേദ ഗ്രന്ഥമായ ഖുര്‍ആന്‍ എന്നോട് ആഹ്വാനം ചെയ്യുന്നതുമായ വസ്ത്ര ധാരണ രീതി ആണ് എന്നും അതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളുടെ പുരുഷ നിയന്ത്രിത വ്യവസ്ഥകള്‍ക്കോ പൊതു ബോധങ്ങള്‍ക്കോ അധികാരമില്ല” എന്നും നെഞ്ച് വിരിച്ചു പറയാന്‍ മുസ്ലിം പെണ്ണിന് കഴിയുന്ന കാലത്ത് ശക്തമായ സ്ത്രീ മുന്നേറ്റങ്ങള്‍ നടക്കും. ഫെമിനിസ്ടുകള്‍ക്ക് ഇടപെടുവാന്‍ പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ട് തന്നെ സാധിക്കാത്ത നിരവധി ഇടങ്ങളില്‍ മുസ്ലിം പെണ്ണിന് അധികാരവും സ്വാധീനവും ചെലുത്താന്‍ കഴിയും.

വാല്‍കഷ്ണം: ആധുനിക മുസ്ലിം പെണ്ണെഴുത്തുകാരില്‍ പ്രഥമ സ്ഥാനീയയും കാമ്പുള്ള ചിന്തയുടെ ഉടമയുമായ ആമിന വദൂദ് കേരളത്തില്‍ വന്നു പോയത് അധികമാരും അറിയാതെ പോയത് അവര്‍ പെണ്ണിനെയും ഇസ്ലാമിലെ പെണ്ണിന്റെ സ്ഥാനത്തെയും കുറിച്ച് തികച്ചും സ്വതന്ത്രവും എന്നാല്‍ ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് തന്നെ പൊളിച്ചെഴുത്ത് നടത്തിയതിനാലും ആവാനേ തരമുള്ളൂ. യിവോണ്‍ രിട്ലിയും സല്‍മാ യാകൂബും ആഘോഷിക്കപ്പെട്ട കേരളീയ ഇസ്ലാമിസ്റ്റ് മണ്ഡലങ്ങളില്‍ അവര്‍ സ്വീകാര്യയാവാതെ വരുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അപ്പോള്‍ പിന്നെ ഈ പറയുന്ന പെണ്ണ് ഏതു ജ്ഞാനധികാരങ്ങളിലാണ് വിള്ളലുകള്‍ വീഴ്ത്താന്‍ പോകുന്നത്?

6 comments:

  1. ആധുനിക മുസ്ലിം പെണ്ണെഴുത്തുകാരില്‍ പ്രഥമ സ്ഥാനീയയും കാമ്പുള്ള ചിന്തയുടെ ഉടമയുമായ ആമിന വദൂദ് കേരളത്തില്‍ വന്നു പോയത് അധികമാരും അറിയാതെ പോയത് അവര്‍ പെണ്ണിനെയും ഇസ്ലാമിലെ പെണ്ണിന്റെ സ്ഥാനത്തെയും കുറിച്ച് തികച്ചും സ്വതന്ത്രവും എന്നാല്‍ ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് തന്നെ പൊളിച്ചെഴുത്ത് നടത്തിയതിനാലും ആവാനേ തരമുള്ളൂ. യിവോണ്‍ രിട്ലിയും സല്‍മാ യാകൂബും ആഘോഷിക്കപ്പെട്ട കേരളീയ ഇസ്ലാമിസ്റ്റ് മണ്ഡലങ്ങളില്‍ അവര്‍ സ്വീകാര്യയാവാതെ വരുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അപ്പോള്‍ പിന്നെ ഈ പറയുന്ന പെണ്ണ് ഏതു ജ്ഞാനധികാരങ്ങളിലാണ് വിള്ളലുകള്‍ വീഴ്ത്താന്‍ പോകുന്നത്?

    ReplyDelete
    Replies
    1. അമിന വദൂദിന്റെ മലയാളത്തില്‍ തര്‍ജമ ചെയ്യപ്പെട്ട ഗ്രന്ഥമാണ് "ഖുര്‍ആനിന്റെ പെണ്‍ വായന". അവരെയും അവരുടെ കാഴ്ചപ്പാടുകളെയും വിമര്‍ശിക്കുന്ന എനിക്കറിയാവുന്ന ചിലര്‍ റഫറന്‍സ് ആയി എടുത്തത്‌ ഈ പുസ്തകത്തെ വിലയിരുത്തി പ്രബോധനത്തില്‍ വന്ന ഒരു പുസ്തക പരിചയത്തെ ആയിരുന്നു! എന്നാ പിന്നെ മലയാളത്തില്‍ ഇറങ്ങിയ ആ പുസ്തകം ഒന്ന് എടുത്തു വായിച്ചു കൂടെ? അത് പിന്നെ...അത്...അത് പിന്നെ....

      Delete
  2. കേരളീയ കാമ്പസുകളിലെ മതേതര ഇടങ്ങളിലെ മുസ്‌ലിം പെണ്ണിനെക്കുറിച്ചുള്ള പൊതുബോധത്തിലെ സവര്‍ണ്ണതകളെ അടയാളപ്പെടുത്തുന്ന ഫാസിലയുടെ ലേഖനം മുസ്‌ലിം സംഘടനകളിലെ പുരുഷന്‍മാര്‍ മുസ്‌ലിം പെണ്ണിന്റെ ഇടങ്ങള്‍ കയ്യേറുന്നതിനെക്കുറിച്ചും വാചാലമാകുന്നുണ്ട്. കാമ്പസുകളിലടക്കം മുസ്‌ലിം പെണ്ണ് ചര്‍ച്ചയാവുന്ന ഇടങ്ങളിലെല്ലാം തങ്ങളുടേതായ അനുഭവങ്ങളും മറുപടികളും പറയാന്‍ അവസരം നല്‍കാതെ തങ്ങള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ അവരുടെതായ മറുപടികളാണ് പറയുന്നതെന്ന് ഫാസില തുറന്നെഴുതുന്നു. വിശുദ്ധ ഖുര്‍ആനെയും സുന്നത്തിനെയും മുന്‍നിര്‍ത്തി തങ്ങളുടെ പെണ്ണനുഭവങ്ങളും ചേര്‍ത്ത് വെച്ച് ഇസ്‌ലാമിനെ വായിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്യത്തെ കവരാന്‍ ആര്‍ക്കാണ് അവകാശമെന്നും ലേഖിക ചോദ്യമെറിയുന്നു. മുസ്‌ലിം പെണ്‍കൂട്ടായ്മകളുടെ ആക്ടിവിസങ്ങളുടെ അജണ്ട സ്വയം നിര്‍ണ്ണയിക്കാന്‍ പോലും പലപ്പോഴും പുരുഷ ഇസാലാമിസ്റ്റുകള്‍ സ്വാതന്ത്യം നല്‍കുന്നില്ലെന്നും ഫാസിലക്ക് പരിഭവം പറയേണ്ടി വരുന്നു. ഇങ്ങനെ ഒരേ സമയം അസഹിഷ്ണുക്കളായ മതേതരവാദികളും സംരക്ഷണ മനോഭാവക്കാരായ പുരുഷ ഇസ്‌ലാമിസ്റ്റുകളും മുസ്‌ലിം പെണ്ണിന്റെ വളര്‍ച്ചയെ തടയുന്നതെങ്ങനെയെന്ന് ലേഖനം വരികള്‍ക്കിടയിലൂടെ അധികം വാചാലമാകാതെ സംസാരിക്കുന്നു. ഒരു മുസ്‌ലിം പെണ്‍ക്കൂട്ടായ്മയുടെ ഭാഗമായ ഒരു എഴുത്തുക്കാരിയില്‍ നിന്ന് ഇങ്ങനെ തന്റേടത്തോടെ ഒരു സ്വതന്ത്യ എഴുത്ത് ആദ്യവായനാനുഭവമാണെന്ന് പങ്കുവെക്കലാണ്.

    ReplyDelete
    Replies
    1. 'പ്രബോധനം' വാരിക ഇത്തരം എഴുത്തുകള്‍ക്ക് അധികം ഇടം നല്‍കാതിരുന്നത് കൊണ്ടോ അതോ ഇത്തരം എഴുത്തുകള്‍ ഇല്ലാതിരുന്നതിനാലോ അന്നറിയില്ല, മുന്‍കാലങ്ങളില്‍ അതിന്റെ പേജുകളില്‍ പെണ്ണെഴുതുകള്‍ക്ക് ഇടം ഉണ്ടായിരുന്നില്ല. (പെണ്ണിനെ എഴുതുന്ന ആണിനെയാണ് കണ്ടിട്ടുള്ളത്) പക്ഷെ അത് ഉണ്ടായി എന്നത് തന്നെ തിരുത്തലുകള്‍ക്ക് തയ്യാറാവുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഒരു മുഖ പ്രത്രത്തെ സംബന്ധിച്ചിടത്തോളം ശുഭകരമാണ്.

      Delete
  3. പെണ്ണെഴുത്തും പെണ്ണിനെ എഴുതുന്ന ആണും മലയാള സാഹിത്യത്തിൽ ചര്ച്ച ചെയ്യുവാൻ തുടങ്ങിയിട്ട് കാലമേറെയായി .. മലയാള വനിതാ പ്രസിധീകരങ്ങുടെ പോലും തലപ്പത് പ്രതിഷ്ട്ടിക്ക പെടുന്നത് "പൂവാലന്മാരെ" ആണെന്നുള്ളത്‌ ഏറെ വൈരുദ്ധ്യമായി തോന്നാം (ചിലപ്പോള് പേരിനു വേണ്ടി ഒരു പെന്കൊടിയെ കാണിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല). ഇനി പ്രബോധനത്തിലെ പെന്നെഴുതെന്ന വിപ്ലവത്തെ കുറിച്ച്; മതേതര മുഖം വരുത്തി വെക്കാന് ജമാഅത് കാണിക്കുന്ന പല കൊപ്രയാങ്ങളിൽ പെട്ട ഒന്ന് എന്ന് മാത്രം. മതേതര വെദികളിൽ ഇടം പിടിക്കാന് പെണ്ണിനെ തെരുവില ഇറക്കിയും , ജാഥ വിളിപ്പിച്ചും കഴിഞ്ഞു ഇനി സ്ത്രീ പക്ഷ എഴുത്തുകളുടെ "സമഗ്ര ഇസ്ലാം" കളിച്ചു പരിഹാസ്യമാകാന് ഒരു തുടക്കം.... സോളിടരിട്ടിയില് പെണ്‍പട തീര്ക്കുവാന് തയ്യാറാണെന്ന് അമീര് പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കാം. ആമിന വദൂതുമാരെ സൃഷ്ട്ടിക്കുവാനുള്ള ഈ കളി പ്രസ്ഥാനത്തെ ഇനിയും മുസ്ലിം സാമാന്യത്തില് നിന്നും അകറ്റി നിര്ത്തും.

    ReplyDelete
  4. സ്വാതന്ത്ര്യം എന്ന പദത്തെ തെറ്റായി മനസ്സിലാക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നവരാണ് ഇസ്‌ലാമിലെ സ്ത്രീയെ വിമർശിക്കാൻ പേനയുന്തുന്നത്. മാധ്യമങ്ങൾ വിളമ്പുന്ന വികല വിചാരങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും വിമർശകർ അവരുടെ വാ പൊളിക്കക. അവകാശങ്ങളും, സുരക്ഷിതത്വവും, നിയമ പരിരക്ഷയും, മാന്യതയും, അംഗീകാരവും ഇസ്ലാമിലെ പോലെ ആരാണ് സ്ത്രീക്ക് വക വെച്ചു നല്കുന്നത്? നട്ടെല്ലിൽ നിവർന്നു നിന്ന് ഇതെല്ലാം ബോധ്യപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. മറ്റുള്ളവരുടെ തിരക്കഥ ആടിത്തീർക്കുകയല്ല.

    ReplyDelete